സൗദിയിൽ കൂടുതൽ മഴക്ക് സാധ്യത മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ കേന്ദ്രം
text_fieldsയാംബു: സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഭാവിയിൽ കനത്ത മഴയുടെ തോത് വർധിക്കാനുള്ള സാധ്യതയാണുള്ളതെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തും കിഴക്കൻ മേഖലകളിലും അറേബ്യൻ ഗൾഫ് തീരത്തും തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഭാവിയിൽ കനത്ത മഴയുടെ അളവ് വർധിക്കുമെന്ന് കേന്ദ്രത്തിന്റെ ഗവേഷണപഠനത്തിന്റെ കണ്ടെത്തലുകളിൽ വ്യക്തമാക്കുന്നതായി അതോറിറ്റി പറഞ്ഞു. കാലാവസ്ഥ നിരീക്ഷണത്തിന്റെ അനുകരണങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മൊത്തത്തിലുള്ള മഴയുടെ വർധനയാണ് സൂചിപ്പിക്കുന്നത്.
മദീന, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, അസീർ, ജീസാൻ, നജ്റാന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ 2021ൽ ഉണ്ടായതു പോലുള്ള ശക്തമായ മഴയാണ് വരും വർഷങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി. 2040ൽ ഉയർന്ന കാലാവസ്ഥ സാഹചര്യങ്ങളിൽ കനത്ത മഴയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
കനത്ത മഴയുടെ വർധന ഈ നൂറ്റാണ്ടിന്റെ മധ്യത്തിലും അവസാനത്തിലും ഇടത്തരവും ഉയർന്നതുമായ സാഹചര്യങ്ങളിൽ തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈ നൂറ്റാണ്ടിന്റെ അവസാന രണ്ട് ദശാബ്ദങ്ങളിൽ ഉയർന്ന സാഹചര്യങ്ങളുടെ കാര്യത്തിൽ കനത്ത മഴയുടെ തോത് 25 ശതമാനം മുതൽ 30 ശതമാനം വരെ വർധനക്കുള്ള സാധ്യതയാണ് പഠനം പ്രവചിക്കുന്നത്. ചില പ്രദേശങ്ങളിൽ മഴയുടെ തോതിലും അളവിലും ഇതിനകം വർധനവുണ്ടായതായി പഠനം വെളിപ്പെടുത്തുന്നു. അതേസമയം ചില പ്രദേശങ്ങളിൽ മഴക്കുറവ് അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ മഴയുടെ തീവ്രത പഠനം കണ്ടെത്തി, അബഹ, ജിദ്ദ, റിയാദ് തുടങ്ങിയ നഗരങ്ങളിലെ മഴയുടെ സ്ഥിതിവിവര വിശകലനം സൂചിപ്പിക്കുന്നത് ഓരോ 10 വർഷത്തിലുംമഴയുടെ തീവ്രത വർധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് കാലാവസ്ഥ നിരീക്ഷണ പഠനങ്ങളിലും നിരീക്ഷണ രീതികളിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.