കണ്ണൂർ സ്വദേശിയെ ആക്രമിച്ച് കണ്ണ് തകർത്ത അറബ് വംശജർ അറസ്റ്റിൽ
text_fieldsഖമീസ് മുശൈത്ത്: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ സിദ്ദീഖിന് അറബ് വംശജരിൽനിന്നുണ്ടായ ആക്രമണത്തിൽ നഷ്ടപ്പെട്ടത് ഒരു കണ്ണിന്റെകാഴ്ച. ഖമീസ് മുശൈത്തിൽ ഇദ്ദേഹം ജോലിചെയ്തിരുന്ന സൂപ്പർമാർക്കറ്റിൽ രാത്രി പന്ത്രണ്ട് മണിക്കെത്തിയ രണ്ട് സിറിയൻ വംശജരുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സ്ഥാപിച്ചിരുന്ന തെർമോമീറ്റർ സ്റ്റാൻഡ് പിഴുതെടുത്തുകൊണ്ടുള്ള ആക്രമണത്തിൽ തന്റെ ഒരു കണ്ണിന് ഗുരുതര പരിക്ക് പറ്റിയിട്ടും രണ്ടംഗ സംഘത്തിന്റെ ആക്രമണത്തെ ചെറുത്തുതോൽപിക്കുകയായിരുന്നു സിദ്ദീഖ്. സംഭവശേഷം ഉടനെ ബന്ധുവായ സഫയർ മുസ്തഫയെ വിവരം അറിയിക്കുകയും അദ്ദേഹവും സുഹൃത്തുക്കളും സ്ഥലത്ത് എത്തി വിവരം സിദ്ദീഖിന്റെ സ്പോൺസറെയും സുരക്ഷ ഉദ്യോഗസ്ഥരെയും അറിയിച്ചു.
ശേഷം സിദ്ദീഖിനെ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്നും അസീർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിയന്തര ഓപറേഷൻ നടത്തിയെങ്കിലും സിദ്ദീഖിന്റെ ഒരു കണ്ണിന്റെ കാഴ്ചക്ക് തകരാർ സംഭവിക്കുകയായിരുന്നു. സംഭവം നടത്തി രക്ഷപ്പെട്ട ആക്രമിസംഘത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും സംഘം മുഖം മറച്ചിരുന്നതിനാൽ ഒരു സൂചനയും ലഭിച്ചില്ല.
വിവരമറിഞ്ഞ ഫോർ സ്റ്റാർ ഗ്രൂപ് എന്നറിയപ്പെടുന്ന കാമറ ടെക്നീഷ്യൻസും മലയാളിയുമായ ഷിഹാബും സക്കറിയയും രണ്ട് സുഹൃത്തുക്കളും കൂടി പരിസരത്തുള്ള നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ച് ആക്രമികൾ കാൽനടയായി സഞ്ചരിച്ച ഒരു കിലോമീറ്റർ ദൂരം മനസ്സിലാക്കുകയും വിവരം സുരക്ഷാ അധികാരികളെ അറിയിക്കുകയും ചെയ്തു.
ഇവർ നൽകിയ സൂചനകൾ വെച്ച് അന്വേഷിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പ്രതികളെ പിടിക്കുകയും ചെയ്തു.
മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് സഫയർ മുസ്തഫ 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.