രണ്ടുമാസമായി ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനിയെ നാട്ടിലയച്ചു
text_fieldsഅബ്ഹ: പക്ഷാഘാതം പിടിപെട്ട് രണ്ടുമാസമായി അബ്ഹയിൽ ചികിത്സയിലിരുന്ന മലയാളി വനിതയെ നാട്ടിലയച്ചു. സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചൽ അയിലറ സ്വദേശിനി സുധയെയാണ് (55) തുടർചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോയത്. 20 വർഷത്തോളമായി അബ്ഹയിലെ വിവിധ ശുചീകരണ കമ്പനികളിൽ ജോലി ചെയ്യുകയായിരുന്ന സുധക്ക് ഇക്കഴിഞ്ഞ ആഗസ്‌റ്റ് അഞ്ചിനാണ് പക്ഷാഘാതം പിടിപെട്ടത്. സഹപ്രവർത്തകർ ഉടൻ ഖമീസ് മുശൈത്തിലെ അൽ-മുസ്തറാഖ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് സൗദി ജർമൻ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ ചികിത്സയിലിരുന്ന ഇവർ കഴിഞ്ഞ രണ്ടാഴ്ചയായി സുഖം പ്രാപിച്ച് വരുകയായിരുന്നു.ഇതിനിടയിലാണ് ഹെൽത്ത് ഇൻഷുറൻസിലെ കാലാവധി കഴിഞ്ഞത്. തുടർന്ന് ഇവിടെ ചികിത്സ തുടരാൻ കഴിയാത്തതിനാൽ ഇവരെ നാട്ടിലേക്ക് അയക്കുന്നതിന് ശ്രമം തുടങ്ങുകയായിരുന്നു. ഇതിനായി ഖമീസ് മുശൈത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന മരുമകൻ മുരുകൻ, സുഹൃത്തുക്കളായ അസീസ്, മൻസൂർ, മിച്ചു എന്നിവർ ഗൾഫ് മാധ്യമം ലേഖകനെ സമീപിച്ചു. വിഷയം അറിയിച്ചതിനെത്തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വളൻറിയറും ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിസൻറുമായ അഷ്റഫ് കുറ്റിച്ചൽ മുന്നോട്ടുവന്നു.
അദ്ദേഹം ആശുപത്രിയിൽ എത്തി സുധയെക്കണ്ട് വിവരങ്ങൾ ആരായുകയും വീൽചെയറിൽ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് രണ്ടുവർഷമായി താമസരേഖ (ഇഖാമ) കലാവധി കഴിഞ്ഞത് അറിയുന്നത്. തുടർന്ന് അഷ്റഫ് കുറ്റിച്ചൽ കമ്പനി അധികൃതരുമായി സംസാരിക്കുകയും അവരുടെ യാത്രരേഖകൾ ശരിയാക്കി നൽകാനും നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കാനും ആവശ്യപ്പെട്ടു. കമ്പനിയധികൃതർ യാത്രരേഖകൾ ശരിയാക്കുകയും സുധയുടെ സേവനാനന്തര ആനുകുല്യങ്ങളും അവർക്കും മുരുകനും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നൽകുകയും ചെയ്തു.
അഷ്റഫ് കുറ്റിച്ചലും സഹപ്രവർത്തകനായ റോയി മുത്തേടവും എല്ലാ നടപടികളും പൂർത്തിയാക്കി അബ്ഹ എയർപോർട്ടിൽനിന്നും സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിയ സുധയെ പുനലൂർ താലൂക്ക് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധക്ക് രാജേഷ്, ബിന്ദു എന്നീ രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.