നിയമകുരുക്കിൽ അകപ്പെട്ട് 14 വർഷമായി സൗദിയിൽ; ഒടുവിൽ നാട്ടിലേക്ക് മടങ്ങി മലപ്പുറം സ്വദേശി
text_fieldsറിയാദ്: നിയമകുരുക്കിൽ അകപ്പെട്ട് 14 വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം സ്വദേശി ശിവകുമാർ നാടണഞ്ഞു. റിയാദിലെ ഉമ്മുൽ ഹമാം ഉറൂബയിൽ കഴിഞ്ഞ 23 വർഷത്തിലധികമായി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന ശിവകുമാർ 2017 മുതൽ ഇഖാമ പുതുക്കാതെ കഴിയുകയായിരുന്നു.
ഇതിനിടയിൽ രണ്ടു തവണ നാട്ടിൽ പോകാൻ ഔട്ട്പാസ് ലഭിച്ചെങ്കിലും പോയില്ല. എന്നാൽ അടുത്തിടെ ജോലിക്കിടയിൽ കാലിന് മുറിവ് സംഭവിക്കുകയും പ്രമേഹ ബാധിതനായതിനാൽ പരിക്ക് ഗുരുതരമാവുകയും ചെയ്തു. തുടർന്ന് നാട്ടിലെത്താനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു.
മുമ്പ് രണ്ടു തവണ ഔട്ട് പാസ്സ് കിട്ടിയിട്ടും പോകാതിരുന്നതിനാൽ ഫൈനൽ എക്സിറ്റ് വിസ കിട്ടാൻ തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്സിറ്റ് ഏർപ്പാടാക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗം, ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് നന്ദി വച്ച് ശിവകുമാർ നാട്ടിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.