ജുബൈലിലെ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു
text_fieldsജുബൈൽ: രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സൗദിയിലെ വ്യവസായ നഗരമായ ജുബൈലിൽ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നത്രെ. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെൻറ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നത്രെ. തുടർന്ന് കമ്പനി അവധി നൽകുകയും വിശ്രമിക്കാൻ നിർദേശിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ മഹേഷിനെ കമ്പനിയുടെ മുതിർന്ന ജീവനക്കാരൻ മൊയ്‌ദീൻ താമസസ്ഥലത്ത് എത്തി സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷിച്ച് സമാധാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഉച്ചയായപ്പോഴേക്കും ഇയാൾ സഹപ്രവർത്തകനെ കുത്തിയ വിവരമാണ് കമ്പനിയിലെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ആംബുലൻസ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊല നടത്തിയതിെൻറ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി.
മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു. ഒരാഴ്ചയായി ഇയാൾക്ക് രക്ത സമ്മർദം അധികരിക്കുകയും ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാൾ കൂടി ഇവരുടെ മുറിയിൽ താമസിക്കുന്നുണ്ട്. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നു. ഇവർ താമസിച്ചിരുന്ന ക്യാമ്പിലും ജുബൈൽ മലയാളി സമൂഹത്തിലും സംഭവം ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. കമ്പനിയധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.