ജുബൈലിൽ നിന്ന് തീർഥാടനത്തിന് പുറപ്പെട്ട മംഗലാപുരം സ്വദേശി മദീനയിൽ നിര്യാതനായി
text_fieldsജുബൈൽ: കുടുംബത്തോടൊപ്പം ഉംറക്കും മദീന സിയാറത്തിനും ജുബൈലിൽനിന്ന് പോയ കർണാടക സ്വദേശി മദീന മസ്ജിദു നബവിയിൽ മരിച്ചു. മംഗലാപുരം ബജ്‌പെ സ്വദേശി അബ്ദുൽ ഹമീദ് (സലാം, 54) ആണ് റൗദയിൽ വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്. നാട്ടിൽ നിന്ന് സന്ദർശന വിസയിലെത്തിയ ഭാര്യ സീനത്തിനും മകൻ അഹ്‌മദ് അഫ്രീദിനുമൊപ്പം ജുബൈലിലെ യാസീൻ ഉംറ ഗ്രൂപ്പ് വഴിയാണ് അബ്ദുൽ ഹമീദും കുടുംബവും പുറപ്പെട്ടത്.
മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം ജിദ്ദയിലുള്ള മകൾ ഫറാഹത്ത് സുരയ്യയെ സന്ദർശിക്കാനായി പോയി. തിരിച്ചു മക്കയിലെത്തി ഉംറ സംഘത്തിനൊപ്പം ചേർന്ന് ബദ്‌ർ യുദ്ധം നടന്ന ചരിത്ര സ്ഥലവും സന്ദർശിച്ചതിന് ശേഷമാണ് മദീനയിലെത്തിയത്. റൗദാ ശരീഫിലേക്ക് മകന് പ്രവേശനം ലഭിച്ചിരുന്നില്ല. സുബ്ഹിക്ക് മുമ്പ് റൗദാ ശരീഫിൽ എത്തിയ അബ്ദുൽ ഹമീദിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡ്യൂട്ടി പൊലീസെത്തി ഡോക്ടറെ വിളിച്ചുവരുത്തുകയും മസ്‌ജിദ് നബവിക്ക് സമീപമുള്ള സലാമ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും മരിച്ചിരുന്നു.
ഇതിനിടെ മദീനാ പള്ളിയിൽ അബ്ദുൽ ഹമീദിെൻറ റൗദയിൽനിന്നുള്ള മടങ്ങി വരവ് കാത്തിരുന്ന കുടുംബത്തെ വരവേറ്റത് മരണ വാർത്തയാണ്. ആകസ്മിക വിയോഗം എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ.സി.എഫ് ജുബൈൽ സെൻട്രൽ ഓർഗനൈസേഷൻ പ്രസിഡൻറ് അഷ്‌റഫ് സഖാഫി ചെരുവണ്ണൂർ, അബ്ദു റസാഖ് ഉള്ളാൾ, ഷാജഹാൻ കൊല്ലം (മദീന ഐ.സി.എഫ് വെൽഫെയർ വിങ്) എന്നിവരും മറ്റു ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഇൽ കബറടക്കി. ഭാര്യ: സീനത്ത്, മക്കൾ: അഹ്‌മദ് അഫ്രീദ്, ഫറാഹത്ത് സുരയ്യ (ജിദ്ദ), ഫാഷ്വത്ത് സുമയ്യ, മരുമക്കൾ: മഖ്‌സൂദ് അലി, മുഹമ്മദ് ഇർഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.