ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ല; തെലങ്കാന സ്വദേശി സൗദിയിലെ ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം
text_fieldsറിയാദ്: മസ്തിഷ്കാഘാതത്താൽ തളർന്നുപോയ തെലങ്കാന സ്വദേശി ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൗദി അറേബ്യയിലെ ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം. ചിറ്റൂർ മദനപ്പള്ളി സെവൻത് ക്രോസ് പ്രശാന്ത് നഗർ സ്വദേശി ശൈഖ് ദസ്തഗിർ സാഹെബ് എന്ന അറുപത്തൊന്നുകാരനെ ഒടുവിൽ മലയാളി സാമൂഹികപ്രവർത്തകർ, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. റിയാദ് കെ.എം.സി.സി ജീവകാരുണ്യവിഭാഗം വൈസ് ചെയർമാൻ മെഹബൂബ് കണ്ണൂർ യാത്രയിൽ തുണയായി ഒപ്പം പോയി.
റിയാദ് പ്രവിശ്യയിലെ റാനിയയിലുള്ള സർക്കാർ ആശുപത്രിയിലാണ് ഒന്നര വർഷമായി ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ മാസം ഇന്ത്യൻ എംബസി വെൽഫെയർ വിങ് മേധാവി എം.ആർ. സജീവ് വിഷയത്തിൽ ഇടപെടുകയും നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ നടത്താൻ കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നാട്ടിലേക്ക് അയക്കട്ടെ എന്ന് ആരാഞ്ഞപ്പോൾ ഏറ്റെടുത്ത് കൊണ്ടുവന്ന് നോക്കാൻ സാമ്പത്തികപ്രയാസം കാരണം കഴിയുന്നില്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി.
സൗദിയിലുള്ള തെലങ്കാന മാധ്യമപ്രവർത്തകൻ വഴി ശ്രമിച്ചതിെൻറ ഫലമായി തിരുപ്പതിയിലെ ട്രസ്റ്റ് ആശുപത്രിയായ ‘സുരക്ഷ’ ഇയാളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നാട്ടിലേക്കുള്ള യാത്രാചെലവ് അടക്കം വഹിക്കാൻ എംബസി വെൽഫെയർ വിങ്ങും തയ്യാറായി. സ്പോൺസർ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിൽ നൽകിയ ‘ഹുറൂബ്’ കേസ് നിലവിലുള്ളതിനാൽ എക്സിറ്റ് നടപടികൾ തടസ്സപ്പെട്ടു. എംബസി മുഖാന്തിരം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽനിന്ന് നേരിട്ട് യാത്രാരേഖ ശരിയാക്കുകയായിരുന്നു.
മെഹബൂബ് കണ്ണൂർ നാരിയയിലെത്തി ആംബുലൻസിൽ റിയാദിലേക്ക് കൊണ്ടുവന്നു. ഡൽഹി വഴി പോയ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ ബംഗളുരു വിമാനത്താവളത്തിൽ എത്തിച്ചു. അപ്പോഴേക്കും മനംമാറ്റമുണ്ടായ മൂത്ത മകളും മകനും വിമാനത്താളത്തിലെത്തിച്ചേർന്നിരുന്നു. സുരക്ഷ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും സ്വദേശത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്നും അവർ മെഹബൂബിനോട് പറഞ്ഞു.
ബംഗളുരു കെ.എം.സി.സി അനുവദിച്ച ആംബുലൻസിൽ നൂറുകണക്കിന് കിലോമീറ്റർ താണ്ടി ചിറ്റൂർ മദനപ്പള്ളിയിൽ എത്തിച്ച് അവിടുത്തെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അതുവരെ മെഹബൂബ് ഒപ്പം പോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിചരണം ഉറപ്പാക്കിയ ശേഷം അദ്ദേഹം സ്വദേശമായ കണ്ണൂരിലേക്ക് പോയി. എംബസി ഉദ്യോഗസ്ഥൻ അർജുൻ സിങ്, കണ്ണൂർ ജില്ല കെ.എം.സി.സി സെക്രട്ടറി അൻവർ വാരം, റാനിയ കെ.എം.സി.സി ഭാരവാഹി അൻസാരി എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിന് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.