അഞ്ചുവർഷത്തിന് ശേഷം നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി യുവാവ് മണിക്കൂറുകൾക്ക് മുമ്പ് മരിച്ചു
text_fieldsറിയാദ്: അഞ്ചുവർഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക് പോകാൻ പെട്ടികെട്ടി വെച്ച് രാത്രി ഉറങ്ങാൻ കിടന്ന യുവാവ് പിന്നെ എഴുന്നേറ്റില്ല. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് യാത്ര തിരിക്കുന്നത് മണിക്കൂറുകൾക്ക് മുമ്പ് റിയാദിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴിന് കോഴിക്കോട്ടെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് പോകേണ്ടിയിരുന്നത്. യാത്രക്കുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കിയിരുന്നു.
മക്കൾക്കുള്ള ചോക്ലേറ്റും വീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനങ്ങളുമെല്ലാം വാങ്ങി പെട്ടി കെട്ടിവെച്ച് ഉറങ്ങാൻ കിടന്നതാണ്. പിറ്റേന്ന് രാവിലെ ഏറെ വൈകിയിട്ടും വിവരങ്ങളൊന്നും ഇല്ലാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ റൂമിലെത്തി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ സ്‌പോൺസറെ അറിയിക്കുകയും അദ്ദേഹമെത്തി പൊലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തലേദിവസം സുഹൃത്തുക്കളുമായി തമാശ പറഞ്ഞും നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ ആഹ്ലാദം പങ്കിട്ടും പിരിഞ്ഞതാണ്. അഞ്ചുവർഷത്തിന് ശേഷമുള്ള യാത്ര വീട്ടുകാരെ അറിയിക്കാതെ ചെന്ന് സർപ്രൈസ് നൽകുന്ന കൗതുകവും റഫീഖ് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. വിധി എല്ലാം തകിടം മറിച്ചു. കളിക്കോപ്പുകളും ചോക്ലേറ്റുമായി വരുന്ന ഉപ്പയെ കാത്തിരിക്കുന്ന മക്കളുടെ അടുത്തേക്ക് റഫീഖിന്റെ ചേതനയറ്റ ശരീരമാണ് എത്തുക. മുംതാസാണ് ഭാര്യ, മക്കൾ: റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ.
റിയാദ് ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ 12.40 ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പൊതുപ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ, സുഹൃത്ത് മുബാറക് പുളിക്കൽ, മലപ്പുറം ജില്ല കൂട്ടായ്മയുടെ ഭാരവാഹികൾ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.