മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ യു.പി സ്വദേശി നാടണഞ്ഞു
text_fieldsഅൽഅഹ്സ: വ്യാഴവട്ടക്കാലമായി ജോർഡൻ അതിർത്തിയോട് ചേർന്ന അൽജൗഫിൽ തോട്ടം തൊഴിലാളിയായിരുന്ന ഉത്തർപ്രദേശ് ബൻസ്പർ കോത്തി സ്വദേശി ഗോവിന്ദ് പ്രസാദ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ കാരുണ്യത്താൽ നാടണഞ്ഞു. പ്രായമായ മാതാവും ഭാര്യയും അഞ്ച് പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക ആശ്രയമായ ഗോവിന്ദ് ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കുന്നതിന് വേണ്ടിയാണ് 12 വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. തുച്ഛമായ കൂലിക്ക് തോട്ടം മേഖലയിൽ പണിയെടുത്ത ഗോവിന്ദിന് കഴിഞ്ഞ രണ്ട് വർഷമായി ജോലി നഷ്ടപ്പെട്ട് ജീവിതം ദുരിതപൂർണമാവുകയും താമസരേഖയുടെ (ഇഖാമ) കാലാവധി തീരുകയും പാസ്പോർട്ട് നഷ്ടപ്പെട്ടത് കാരണം ദുരിതത്തിലും ആശങ്കയിലും അകപ്പെട്ട് കഴിയുകയായിരുന്നു.
ഗത്യന്തരമില്ലാതെ അൽജൗഫിൽനിന്നും 15 ദിവസം കൊണ്ട് നടന്നും സ്വദേശികളും വിദേശികളുമായ ആളുകളുടെ കരുണയാൽ വാഹനങ്ങളിൽ കയറിയും ഗോവിന്ദ് പ്രസാദ് അൽഅഹ്സയിലെത്തി ഒ.ഐ.സി.സി ഭാരവാഹികളെ കണ്ട് സഹായം തേടുകയായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എംബസി കോൺസുലാർ പ്രകാശ് കുമാറുമായി സംസാരിച്ച് എമർജൻസി സർട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കുകയായിരുന്നു. തുടർന്ന് എംബസിയിൽ രജിസ്റ്റർ ചെയ്യുകയും സൗദി ലേബർ ഓഫിസിെൻറ സഹായത്തോടെ തർഹീലിൽനിന്നും ഫൈനൽ എക്സിറ്റ് സമ്പാദിച്ച് നാടണയുകയും ചെയ്യുകയായിരുന്നു.
ഗോവിന്ദിനുള്ള യാത്രാരേഖകൾ അൽഅഹ്സ ഒ.ഐ.സി.സി പ്രസിഡൻറ് ഫൈസൽ വാച്ചാക്കലിെൻറയും എക്സിക്യൂട്ടീവംഗം കെ.പി. നൗഷാദിെൻറയും സാന്നിധ്യത്തിൽ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.