കൃഷ്ണൻ പേരാമ്പ്രക്ക് നവയുഗം യാത്രയയപ്പ് നൽകി
text_fieldsദമ്മാം: മൂന്നുപതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രക്ക് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.എ. വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി. കലാവേദിയുടെ ഉപഹാരം പ്രസിഡന്റ് റിയാസ് മുഹമ്മദ് കൈമാറി. ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ സംസാരിച്ചു. ബിജു വർക്കി സ്വാഗതവും ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ദങ്ങൾ കാരണം പ്രവാസിയായി സൗദിയിൽ എത്തിയത്. ദമ്മാമിലെ ഒരു ഐസ്ക്രീം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
നവയുഗം രൂപവത്കരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, സൗദിയിലെ സാമൂഹ്യസാംസ്ക്കാരിക മേഖലകളിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളിൽ നടനും സംവിധായകനുമായി പഴയ നാടകങ്ങൾ പുനരവതരിപ്പിച്ചത് ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കെ.പി.എ.സിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്കാരങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ നേടിയിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസം അവസാനിപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.