ജോലിയില്ല, ഒപ്പം രോഗവും; മലയാളിക്ക് നവയുഗം തുണയായി
text_fieldsഅൽ-അഹ്സ: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമാകുകയും അസുഖബാധിതനാവുകയും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ മാനസികമായും ശാരീരികമായും തകരുകയും ചെയ്ത മലയാളിക്ക് നവയുഗം സാംസ്കാരികവേദി തുണയായി. ജീവകാരുണ്യ വിഭാഗം പ്രവർത്തകർ സഹായിക്കാൻ രംഗത്തു വരികയും പ്രശ്നങ്ങളുടെ കുരുക്കഴിച്ച് നാട്ടിെലത്തിക്കുകയുമായിരുന്നു. കൊല്ലം കാവൽപുഴ സ്വദേശി നിസാമുദ്ദീൻ കഴിഞ്ഞ നാല് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. സ്പോൺസർ ശമ്പളം കൃത്യമായി നൽകിയില്ല. എങ്കിലും നാട്ടിലെ പ്രാരബ്ധങ്ങൾ കാരണം ജോലിയിൽ തുടർന്നു. ഇൗ വർഷമാദ്യം നിസാമുദ്ദീനും കോവിഡ് രോഗബാധിതനാവുകയും ആരോഗ്യം മോശമാവുകയും ചെയ്തു. അതോടെ സ്പോൺസർ ഒരു കാരുണ്യവും കാട്ടാതെ ജോലിയിൽനിന്നും പുറത്താക്കി.
അതോടെയാണ് നിസാമുദ്ദീെൻറ ദുരിതം തുടങ്ങിയത്. വല്ലപ്പോഴും കിട്ടുന്ന അല്ലറ ചില്ലറപ്പണി ചെയ്തും പലരിൽനിന്നും കടം വാങ്ങിയും ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു. ഇഖാമ പുതുക്കാനോ എക്സിറ്റ് അടിച്ചു നാട്ടിലേക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയിലായി. വരുമാനം നിലച്ചതോടെ നാട്ടിൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഷ്ടത്തിലായി.
നിസാമുദ്ദീെൻറ സൗദിയിലെ അവസ്ഥ വീട്ടുകാർ പറഞ്ഞപ്പോൾ, അവരുടെ വാർഡ് കൗൺസിലർ മെഹർ നിസ്സ, പൊതുപ്രവർത്തകനായ മുരുകെൻറ സഹായത്തോടെ, അൽ-അഹ്സയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തനായ സിയാദ് പള്ളിമുക്കുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. തുടർന്ന് നവയുഗം അൽ-അഹ്സ ജീവകാരുണ്യവിഭാഗം നിസാമുദ്ദീനുമായി ഫോണിൽ സംസാരിക്കുകയും അൽ-അഹസയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുകയും ചെയ്തു.
നവയുഗം ഷുഖൈഖ് യൂനിറ്റ് ജോ.സെക്രട്ടറി ഷാജി പുള്ളിയുടെ കൂടെ നിസാമുദ്ദീന്‍ താമസസൗകര്യവും ഒരുക്കി. നവയുഗം ജീവകാരുണ്യപ്രവർത്തകർ നിസാമുദ്ദീെൻറ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അവർ ഒരു തരത്തിലുള്ള സഹകരണത്തിനും തയാറായില്ല. തുടർന്ന് സിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിസാമുദ്ദീന്‍ ഔട്ട്പാസ് നേടുകയും സാമൂഹികപ്രവർത്തകനായ മണി മാർത്താണ്ഡത്തിെൻറ സഹായത്തോടു കൂടി ജവാസത്തുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് നേടുകയും ചെയ്തു.
നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി പുള്ളി, നസീർ, ബിനീഷ്, സലിം എന്നിവർ നിസാമുദ്ദീനുള്ള വിമാന ടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയാക്കി നിസാമുദ്ദീൻ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.