പ്രവാസികളുടെ ഉത്സവമായി നവയുഗം കുടുംബവേദിയുടെ 'മേടനിലാവ് 2022'
text_fieldsദമ്മാം: വിഷു-ഈസ്റ്റർ-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിലെ നവയുഗം സാംസ്കാരികവേദിയുടെ കുടുംബവേദി 'മേടനിലാവ് 2022' എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു. സംഗീതത്തിന്‍റെയും നൃത്തനൃത്യങ്ങളുടെയും ചിരിയുടെയും ദൃശ്യാവിഷ്കാരങ്ങളുടെയും സൗഹൃദത്തിന്‍റെയും ഉത്സവമേളമായി അത് മാറി. ദമ്മാം ഉമൽ ശൈഖിൽ അരങ്ങേറിയ പരിപാടി ഉച്ചക്ക് വിളമ്പിയ വിഭവസമൃദ്ധമായ വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് സ്ത്രീകൾക്കുവേണ്ടിയുള്ള കേക്ക് മേക്കിങ്, മെഹന്ദി മത്സരങ്ങൾ നടന്നു. കേക്ക് മേക്കിങ് മത്സരത്തിൽ ജസ്റ്റി ഒന്നാം സ്ഥാനവും ആതിര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മെഹന്ദി മത്സരത്തിൽ സലീമ അൻവർ ഒന്നാം സ്ഥാനവും മാഷിദ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മലബാർ ഗോൾഡ് നൽകിയ സ്വർണനാണയം സമ്മാനിച്ചു. വൈകീട്ട് നടന്ന കലാസന്ധ്യക്ക് സൗമ്യ വിജയ്, സുറുമി നസീം, അലീന കലാം എന്നിവർ അവതാരകരായി. കിഴക്കൻ പ്രവിശ്യയിലെ 120ഓളം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച സംഗീത, നൃത്ത, ഹാസ്യ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ഒരു ഉത്സവകാലത്തിന്‍റെ പ്രതീതി ഉണർത്തി. മനോഹരമായ ഗാനങ്ങൾ, വിവിധ ശാസ്ത്രീയ, സെമി-ക്ലാസിക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തങ്ങൾ, തിരുവാതിര, കരകാട്ടം, കെ.പി.എ.സി നാടകമായ 'അശ്വമേധ'ത്തിന്‍റെ ഗാനരംഗാവിഷ്കാരം, വിവിധ വാദ്യോപകരണപ്രകടനങ്ങൾ, മിമിക്രി, കോമഡിനൈറ്റ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അരങ്ങേറിയത്.
കൈകൊട്ടിയും ചൂളമടിച്ചും നൃത്തം വെച്ചും കാണികൾ കലാസന്ധ്യയെ ആഘോഷമാക്കി. നൃത്താധ്യാപകർക്കും പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും മത്സരവിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നവയുഗം ഭാരവാഹികളായ ഷാജി മതിലകം, പദ്മനാഭൻ മണിക്കുട്ടൻ, ശരണ്യ ഷിബു, അനീഷ കലാം, മിനി ഷാജി, നിസാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, ദിനേശ്, ഷെമി ഷിബു, റിയാസ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, എം.ജി. ആരതി, ബിജി ഷാഹിദ്, അമീന റിയാസ്, സിന്ധുലാൽ, സനിത സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.