‘സിൻഡല’ ദ്വീപിനായി നാവിഗേഷൻ മറൈൻ മാപ്പ് പുറത്തിറക്കി
text_fieldsറിയാദ്: സന്ദർശകർക്കായി തുറന്നുകൊടുത്ത ചെങ്കടലിലെ സൗദി അറേബ്യയുടെ അത്യാഢംബര വിനോദസഞ്ചാര കേന്ദ്രമായ നിയോം മേഖലയിലെ ‘സിൻഡല’ ദ്വീപിനായി ഇലക്ട്രോണിക് നാവിഗേഷൻ മറൈൻ മാപ്പ് പുറത്തിറക്കി. സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ ജനറൽ അതോറിറ്റിയുമായി സഹകരിച്ച് സൗദി ചെങ്കടൽ അതോറിറ്റിയാണ് ആദ്യത്തെ മാപ്പ് പുറത്തിറക്കിയത്.
നിയോം മേഖലയിലെ മറ്റ് നാല് മാപ്പുകൾക്ക് പുറമെയാണിത്. ഇന്റർനാഷനൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷന്റെ (ഐ.എച്ച്.ഒ) ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് ‘സിൻഡല’ മാപ്പ് നിർമിച്ചിരിക്കുന്നത്. മറൈൻ നാവിഗേഷൻ ചാർട്ടുകൾ നിർമിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചും സൗകര്യങ്ങൾ ഏർപ്പെടുത്തിയുമാണ് ജിയോസ്പേഷ്യൽ അതോറിറ്റി മാപ്പ് തയാറാക്കിയത്.
രാജ്യത്തെ സമുദ്രമേഖലകളിൽ നാവിഗേഷന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണക്കുന്നതിനും കടലിലെ ഓരോ ഭാഗത്തെയും ആഴം, പവിഴപ്പുറ്റുകൾ, ദ്വീപുകൾ, നാവിഗേഷൻ തടസ്സങ്ങൾ, വേലിയേറ്റ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു.
ഈ മാപ്പുകൾ വിശ്വസനീയവും സുരക്ഷിതവുമായ മറൈൻ ഡാറ്റ നൽകുന്നു. ‘വിഷൻ 2030’ന് അനുസൃതമായി ആസൂത്രണത്തിനും വികസന പ്രവർത്തനങ്ങൾക്കും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യും. മറൈൻ ടൂറിസം മേഖലകളിൽ നിക്ഷേപം ആകർഷിക്കാനും സഹായിക്കും.
ഭൂപടങ്ങൾ മറൈൻ നാവിഗേഷൻ ഡാറ്റ നൽകുന്നതിനു പുറമെ സിൻഡല ദ്വീപിലേക്കും മറ്റ് ദ്വീപുകളിലേക്കും ബോട്ടുകളുടെയും മറ്റ് മറൈൻ വാഹനങ്ങളുടെയും പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും സഹായിക്കും.
നങ്കൂരമിടുകയോ കടലോളങ്ങൾക്കൊപ്പം ഒഴുകാൻ അനുവദിക്കുകയോ ചെയ്യുന്നതടക്കം നിരവധി ഉദ്ദേശ്യങ്ങളുള്ള ഫ്ലോട്ടിങ് ഉപകരണമായ ‘ബോയ്’കളുടേയും നാവിഗേഷൻ സഹായികളുടേയും സാന്നിധ്യത്തിൽ സുരക്ഷയുടെ ഉയർന്ന മാനദണ്ഡങ്ങൾ പ്രയോഗിച്ച് നാവിഗേഷന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സുരക്ഷ ഇത് വർധിപ്പിക്കുന്നു. സൗദി ചെങ്കടൽ അതോറിറ്റിയുടെ ദൗത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സഹകരണം.
സൗദിയുടെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ നാവിഗേഷൻ, സമുദ്ര പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള നാവിഗേഷൻ സൈറ്റുകളും റൂട്ടുകളും തിരിച്ചറിയുക, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അവ വികസിപ്പിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണത്തിന്റെ സ്ഥിരീകരണം ഉറപ്പാക്കുക എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ചെങ്കടലിലെ ആഡംബര സമുദ്ര വിനോദസഞ്ചാരത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായ സിൻഡല ദ്വീപ് തുറന്നതായി നിയോം ഡയറക്ടർ ബോർഡ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ആദ്യത്തെ നിയോം ലക്ഷ്യസ്ഥാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.