നവോദയ ഇ.എം.എസ് - എ.കെ.ജി അനുസ്മരണവും ഇഫ്താർ വിരുന്നും
text_fieldsനവോദയ ഇ.എം.എസ്- എ.കെ.ജി അനുസ്മരണം വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നവകേരള ശിൽപികളായ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ജീവചരിത്രം വർഗീയതക്കെതിരായ പോരാട്ടത്തിൽ വഴിവിളക്കാകണമെന്ന് ഓർമപ്പെടുത്തി റിയാദിലെ നവോദയ സാംസ്കാരിക വേദി അനുസ്മരണപരിപാടി സംഘടിപ്പിച്ചു. ന്യൂ ഏജ് കേന്ദ്രകമ്മിറ്റി അംഗം വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഇന്നും ഇന്ത്യയിലെ പ്രതീക്ഷയുടേയും പ്രതിരോധത്തിന്റെയും തുരുത്തായി കേരളം നിലകൊള്ളുന്നതിൽ ഇ.എം.എസിന്റെ സൈദ്ധാന്തികവും ഭരണപരവുമായ കഴിവുകളും എ.കെ.ജിയുടെ സമര പോരാട്ടങ്ങളുമാണ് അടിത്തറപാകിയതെന്ന് വിനോദ് വിശദീകരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം മനോഹരൻ പയ്യന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.ax
സ്വാതന്ത്ര്യ സമരസേനാനി, നവോഥാന നായകൻ, ചരിത്രകാരൻ, നിരൂപകൻ, എഴുത്തുകാരൻ, ഐക്യകേരളത്തിലെ ആദ്യ മുഖ്യമന്ത്രി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്കർഹനായ ബഹുമുഖ പ്രതിഭയായിരുന്ന ഇ.എം.എസ് എന്ന് അദ്ദേഹം പറഞ്ഞു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സമ്മാനിച്ച മഹാനായ നേതാവ്.
കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയും ജനകീയ പ്രശ്നങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച് ചർച്ച ചെയ്യിപ്പിക്കുകയും ചെയ്ത തൊഴിലാളികളുടെ പടത്തലവനായിരുന്നു എ.കെ.ജി എന്നും അവരുടെ ജീവിതം പുതിയ തലമുറ പഠിക്കേണ്ടതാണെന്നും മനോഹരൻ ചൂണ്ടിക്കാട്ടി.
ആതിര ഗോപൻ, കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര്, അയ്യൂബ് കരൂപ്പടന്ന, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അനിൽ മണമ്പൂർ അധ്യക്ഷതവഹിച്ചു. ആക്ടിങ് സെക്രട്ടറി അനിൽ പിരപ്പൻകോട് സ്വാഗതവും അനി മുഹമ്മദ് നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിന് മുമ്പ് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.