എ.കെ.ജി സെന്ററിന് നേരെയുള്ള ആക്രമണം അപലപനീയം -നവോദയ ജിദ്ദ
text_fieldsജിദ്ദ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് നവോദയ ജിദ്ദ. കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യം സ്നേഹിച്ച, ഇന്ത്യയുടെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ പേരിലുള്ള ഓഫിസിന് നേരെ നടന്ന ആക്രമണം കേരളസമൂഹം ഒന്നാകെ അപലപിക്കേണ്ടതാണെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയം കേരള രാഷ്ട്രീയ ചരിത്രത്തിലെ കളങ്കിതമായ അധ്യായമാണ്. ചരിത്രം ആവർത്തിച്ചുകൊണ്ട് കോൺഗ്രസിന്റെ കുടില രാഷ്ട്രീയമുഖം വർത്തമാനകാലത്തെ ബോധ്യപ്പെടുത്തുന്നതാണ് എ.കെ.ജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം.
വ്യാജ വാർത്തകളെ അടിസ്ഥാനമാക്കി നടത്തിയ സമരം പരാജയപ്പെട്ടതിന്റെ ഹാലിളക്കം കൊണ്ട് രാഷ്ട്രീയ മുതലെടുപ്പിനായി സഖാക്കളെ പ്രകോപിപ്പിച്ച് ആക്രമണ പരമ്പരകൾ ആവർത്തിക്കാൻ വേണ്ടിയാണോ എ.കെ.ജി സെന്ററിനെതിരായ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഖാക്കൾ ആരും അത്തരം പ്രകോപനങ്ങൾക്ക് അടിപ്പെടാതെ തികച്ചും ജനാധിപത്യപരമായി ജനങ്ങളെ അണിനിരത്തി കോൺഗ്രസിന്റെ കുടില രാഷ്ട്രീയത്തെ നേരിടുന്നതാണ് കേരളം കണ്ടതെന്നും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രതിഷേധ യോഗം ആക്ടിങ് രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പഠനവേദി കൺവീനർ റഫീഖ് പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. മുജീബ് പൂന്താനം സ്വാഗതവും രക്ഷാധികാരി സമിതി അംഗം ജലീൽ ഉച്ചാരക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.