നവോദയയുടെ 13ാം വാർഷികാഘോഷം 'നാട്ടുത്സവം' അരങ്ങേറി
text_fieldsറിയാദ്: നവോദയ സാംസ്കാരിക വേദിയുടെ 13ാം വാർഷികാഘോഷം 'നാട്ടുത്സവം' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി സൗദിയിലെത്തിയ ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മയെ മൂവായിരത്തിലധികം വരുന്ന ജനക്കൂട്ടം എഴുന്നേറ്റുനിന്ന് ആദരവ് അർപ്പിച്ചാണ് വേദിയിലേക്ക് സ്വീകരിച്ചത്.
അയ്യപ്പനും കോശിയും സിനിമയിലെ പ്രസിദ്ധമായ 'കളക്കാത്ത സന്ദനം' ഗാനം നഞ്ചിയമ്മ പാടിയതോടെ ജനം ആവേശത്തിമിർപ്പിലായി. തുടർന്ന് എം80 മൂസ താരങ്ങളായ സുരഭി ലക്ഷ്മിയും വിനോദ് കോവൂരും കബീറും ഹാസ്യവിരുന്നുമായി വേദിയിലെത്തി. നാടൻപാട്ടുകളുമായി എത്തിയ പ്രസീത ചാലക്കുടി ജനത്തെ ആഘോഷത്തിമിർപ്പിലാക്കി.
ദമ്മാമിൽനിന്നെത്തിയ സൗദി പാട്ടുകൂട്ടം നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച നാടൻ പാട്ടുകളുമായാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് സാംസ്‌കാരിക സമ്മേളനം അരങ്ങേറി. സമ്മേളനം നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്‌ഘാടനം ചെയ്തു. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കൽ, ജലീൽ (കെ.എം.സി.സി), ഷാജു വാളപ്പൻ, അബ്ദുൽ സലാം, മുഹമ്മദ് അമീൻ, സാബിത്ത്, ഹനീഫ, സാറ എന്നിവർ സംസാരിച്ചു.
കുമ്മിൾ സുധീർ സ്വാഗതവും വിക്രമലാൽ നന്ദിയും പറഞ്ഞു. ഏകദേശം രണ്ടര മണിക്കൂർ നീണ്ട പരിപാടിക്കുശേഷം റിയാദ് എന്റർടെയ്ൻമെന്റ് അതോറിറ്റി ആവശ്യപ്പെട്ടതിനെ തുടർന്ന് പൂർത്തീകരിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. പരിപാടി പൂർത്തീകരിക്കാൻ കഴിയാത്തതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നവോദയ കേന്ദ്രകമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.