അപകടത്തിൽ മരിച്ച നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു
text_fieldsനജ്റാൻ: നജ്റാനിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ട് നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലയച്ചത്. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.നജ്റാനിൽനിന്നും 100 കിലോമീറ്റർ അകലെ യദുമ എന്ന സ്ഥലത്തിന് അടുത്തുവെച്ചായിരുന്നു അപകടം.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർക്കും ഡ്രൈവറായിരുന്ന അജിത്തിനും പരിക്ക് പറ്റിയിരുന്നു. ഇവർ നജ്റാനിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ വിഭാഗം കോൺസൽ ഡോ. മുഹമ്മദ് അലീം, ട്രാൻസലേറ്റർ ആസിം അൻസാരി, നജ്റാൻ പ്രതിഭ സാംസ്കാരിക വേദി ഭാരവാഹികളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർമാരുമായ അനിൽ രാമചന്ദ്രൻ, അബ്ദുൽ ഗഫൂർ എന്നിവരുടെ കൂട്ടായ ശ്രമഫലമാണ് ഇത്രയും പെട്ടെന്ന് തന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലയക്കാൻ സാധിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ താർ ട്രാഫിക് പൊലീസ് മേധാവി, നജ്റാൻ ഗവർണറേറ്റ് ഉദ്യോഗസ്ഥർ, കിങ് ഖാലിദ് ആശുപത്രി ഉദ്യോഗസ്ഥർ, നജ്റാൻ റീജൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും സഹായവും കൃത്യസമയത്ത് ലഭിച്ചിരുന്നു.
നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി നിരന്തരം അന്വേഷിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ നോർക്കയുടെ ആംബുലൻസുകളിൽ സ്വദേശത്തേക്ക് എത്തിക്കും. സഹായിച്ച എല്ലാവരോടും പ്രതിഭ കേന്ദ്ര കമ്മിറ്റി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.