നീറ്റ് പരീക്ഷക്ക് സൗദിയിൽ മിനിമം മൂന്ന് കേന്ദ്രങ്ങൾ വേണമെന്ന് കെ.എം.സി.സി
text_fieldsറിയാദ്: സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ ഞായറാഴ്ച റിയാദിൽ വെച്ച് നീറ്റ് പരീക്ഷ എഴുതുമ്പോൾ ഏറെ കാലത്തെ പ്രവാസികളുടെ ആവശ്യമാണ് നടപ്പാകുന്നതെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഈ വിഷയത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാരുമായും കേന്ദ്ര മാനവശേഷി വകുപ്പുമായും കെ.എം.സി.സി നിരന്തരം ബന്ധപെട്ടു വരികയായിരുന്നു.
മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ കണ്ടിരുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസി അധികൃതരെയും സൗദിയിലെ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതം ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും കേരളം മുഖ്യമന്ത്രിക്കും നിവേദനങ്ങളിൽ യു.എ.ഇയിൽ അനുവദിച്ചത് പോലെ സൗദിയിൽ മിനിമം മൂന്ന് സെന്ററുകൾ അനുവദിക്കണമെന്നാണ് കെ.എം.സി.സി ആവശ്യപ്പെട്ടിരുന്നത്.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ വേണമെന്നായിരുന്നു ആവശ്യം. സൗദിയിലെ പ്രവാസികളായ രക്ഷിതാക്കളും സംഘടനകളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു വരികയായിരുന്നു. സൗദിയിൽ നിന്ന് ഓരോ വർഷവുമുണ്ടാകുന്ന ആയിരത്തോളം നീറ്റ് അപേക്ഷകർ ഒന്നുകിൽ യു.എ.ഇയിലോ കുവൈത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ പോയി വേണമായിരുന്നു പരീക്ഷ എഴുതാൻ. കോവിഡ് കാലയളവിൽ ഇക്കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിച്ച പ്രയാസം ചെറുതൊന്നുമായിരുന്നില്ല. ഇക്കാര്യം നേരിട്ട് ബന്ധപ്പെട്ട അധികൃതരെ ബോധ്യപെടുത്തിയിരുന്നുവെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിനും നിവേദനം നൽകിയിരുന്നു. റിയാദിൽ ഒരു കേന്ദ്രമെങ്കിലും അനിവാദിക്കാൻ മുന്നോട്ട് വന്ന അധികൃതരെ കെ.എം.സി.സി അഭിനന്ദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.