മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷ (നീറ്റ്) സുഗമമായി റിയാദിൽ നടന്നു
text_fieldsറിയാദ്: ഈ വർഷത്തെ മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് തിങ്കളാഴ്ച സൗദിയിൽ സുഗമമായി പൂർത്തിയാക്കി. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ നടന്ന പരീക്ഷയിൽ 553 പേരാണ് പരീക്ഷ എഴുതിയത്. രജിസ്റ്റർ ചെയ്ത 566 പേരിൽ 13 പേർ പരീക്ഷക്ക് ഹാജരായില്ല. യാതൊരു പ്രയാസവുമില്ലാതെ സമയബന്ധിതമായും സുതാര്യമായും പരീക്ഷാ നടപടികൾ പൂർത്തിയാക്കിയതിൽ പരീക്ഷ സൂപ്രണ്ടുകൂടിയായ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ സന്തുഷ്ടി രേഖപ്പെടുത്തുകയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. രക്ഷിതാക്കളും വിദ്യാർഥികളും മികച്ച സംഘാടനത്തിൽ സംതൃപ്തരും സന്തോഷവാന്മാരുമാണ്. ദീർഘനേരം പരീക്ഷക്കായി ചെലവഴിച്ച വിദ്യാർഥികൾക്ക് ജ്യൂസും കേക്കും ലഭ്യമാക്കി. കേന്ദ്ര നിരീക്ഷകനായ മുഹമ്മദ് ഷബീർ (ഇന്ത്യൻ എബസി) മറ്റൊരു നിരീക്ഷകയായ പ്രൊഫ. ഗോകുൽ കുമാരി (ഇ. കോമേഴ്സ്) എന്നിവരുടെ സാന്നിധ്യത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ മൂല്യനിർണയം ഇന്ത്യയിൽ വെച്ചാണ് നടക്കുക. ഇതിനായി ഉത്തരക്കടലാസുകൾ നാട്ടിലേക്ക് അയച്ചു. ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ എട്ട് കേന്ദ്രങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലാണ്. യു.എ.ഇയിൽ മൂന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഓരോന്ന് വീതം പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. നാഷനൽ ടെസ്റ്റിങ്ങ് ഏജൻസിയാണ് വിദേശ രാജ്യങ്ങളിൽ പരീക്ഷകൾ സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.