നീറ്റ് പരീക്ഷ: സൗദിയിൽ 491 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു
text_fieldsറിയാദ്: ഇന്നലെ നടന്ന മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിൽ 491 പേർ പരീക്ഷയെഴുതാനെത്തി. സൗദിയിൽ ആകെ 498 അപേക്ഷകളായിരുന്നു ഉണ്ടായിരുന്നത്. ഏഴ് പേർ മാത്രമാണ് ലീവായത്.
രാവിലെ 8.30 മണിയോടെ തന്നെ വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തി തുടങ്ങിയിരുന്നു. വളരെ കൃത്യതയോടെയുള്ള സജ്ജീകരണങ്ങളാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പൽ മീരാ റഹ്മാന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. റിയാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടപടികൾ പുരോഗമിച്ചത്.
21 ക്ലാസ് റൂമുകളിലായി നടന്ന പരീക്ഷ നടത്തിപ്പിനായി മൊത്തം 42 ഇൻവിജിലേറ്റർമാരെ നിശ്ചയിച്ചിരുന്നു.രണ്ട് ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിൽ 24 പരീക്ഷാർഥികളെയാണ് ഓരോ പരീക്ഷാ ഹാളിലും ക്രമീകരിച്ചിരുന്നത്. 70 ഓളം എംബസി ജീവനക്കാരും പരീക്ഷ നടത്തിപ്പിന്റെ വിവിധ രംഗങ്ങളിൽ സഹകരിച്ചു.
491 പേരുടെയും ഉത്തരകടലാസുകൾ ക്രമീകരിച്ചു എംബസിയിൽ എത്തിക്കുകയും പിന്നീട് ഡൽഹിയിലേക്ക് അയക്കുകയും ചെയ്യുന്ന ചുമതലയും പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഒരു വലിയ ടീമിന്റെ മികച്ച പിന്തുണയും സഹകരണവുമാണ് ഈ ഉദ്യമം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പ്രിൻസിപ്പൽ മീര റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും വളരെ സംതൃപ്തരായിരുന്നുവെന്നും മീര റഹ്മാൻ അറിയിച്ചു. ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി ഒരുക്കിയിരുന്നത്. ഇതിൽ എട്ട് കേന്ദ്രങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലാണ്. യു.എ.ഇയിൽ മൂന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (എൻ.ടി.എ) യാണ് വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.