നീറ്റ് പരീക്ഷ ഞായറാഴ്ച; റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsറിയാദ്: ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി വിദ്യാർത്ഥികൾക്കുള്ള സെന്ററിനായി റിയാദ് ഇന്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌കൂൾ അധികൃതർ അറിയിച്ചു. 18 ലക്ഷത്തിൽ പരം കുട്ടികൾ എഴുതുന്ന നീറ്റ് പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ പരീക്ഷകളിൽ ഒന്നാണ്. സൗദിയിൽ നിന്നും 500 ഓളം വിദ്യാർത്ഥികൾ ഇപ്രാവശ്യം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബൂക്ക്, ത്വാഇഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രദേശങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ പരീക്ഷക്കായി റിയാദിലെത്തുന്നുണ്ട്.
കേന്ദ്രത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നീറ്റ് സിറ്റി കോർഡിനേറ്റർ സെന്റർ സൂപ്രണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ അറിയിച്ചു .പരീക്ഷാ ഹാളുകളിൽ സി.സി.ടി.വി കാമറ അടക്കമുള്ളവ തയ്യാറാക്കിയിട്ടുണ്ട്. സൗദിയിലെ നീറ്റ് പരീക്ഷയുടെ ഒബ്സർവർ ഇന്ത്യൻ സ്കൂളുകളുടെ ഒബ്സർവറായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ മുഹമ്മ്ദ് ഷബീർ ആണ്. പൂർണ്ണമായും എംബസ്സിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വർഷവും റിയാദ് ഇന്ത്യൻ സ്കൂൾ നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്നു.
ഞായറാഴ്ച രാവിലെ 11 .30 മുതൽ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ സമയം. പരീക്ഷ തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിലെത്തുക. കേന്ദ്രം രാവിലെ 8.30 ന് തുറക്കും. 11 മണിക്ക് ശേഷം ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാ സമയമായ മൂന്ന് മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ വിദ്യാർത്ഥികൾക്ക് ഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ പരീക്ഷാ സമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക. പരീക്ഷാ കേന്ദ്രത്തിൽ നിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ഓരോ വിഷയത്തിലും രണ്ട് ഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 ആണ്.
വിദ്യാർഥികൾ പരീക്ഷയുടെ വ്യവസ്ഥകൾ മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കു നൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങൾക്കും നൽകേണ്ടതുണ്ട്. അതിന് ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കി കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. ഇൻഫർമേഷൻ ബുള്ളറ്റിൽ നൽകിയിരിക്കുന്ന ഡ്രസ്സ് കോഡ് നിർബന്ധമായും പാലിക്കണം. കൈവശം വെക്കാൻ പാടുള്ളതും പാടില്ലാത്തതുമായ സാധനങ്ങൾ എന്നിവ സംബന്ധിച്ചും മറ്റു വ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിലോ ഇൻഫർമേഷൻ ബുള്ളറ്റിലോ ഉണ്ടെങ്കിൽ അതും നിർബന്ധമായും പാലിക്കണം. തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കും. തിരിച്ചറിയൽ കാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഫോർമേഷൻ ബുള്ളറ്റിനിൽ പറഞ്ഞ പ്രകാരം പാലിക്കപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.