നീറ്റ് പരീക്ഷ നാളെ റിയാദ് ഇന്ത്യന്‍ സ്‌കൂളിൽ
text_fieldsജിദ്ദ: ഞായറാഴ്ച നടക്കുന്ന മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്' (നീറ്റ് യു.ജി)ക്ക് സൗദിയിൽ ഒരേയൊരു പരീക്ഷാകേന്ദ്രം. റിയാദിലെ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരീക്ഷ. ഇത് ആദ്യമായാണ് സൗദിയിൽ പരീക്ഷാ കേന്ദ്രം വരുന്നത്.
കഴിഞ്ഞ വർഷം കുവൈത്തിലും ദുബൈയിലും കേന്ദ്രം അനുവദിച്ചിരുന്നു. തുടർന്ന്, രക്ഷിതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ഇടപെടലിനെ തുടർന്നാണ് ഇത്തവണ സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ ഉൾപ്പെടെ ആറ് ജി.സി.സി രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനമായത്. വർഷങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടതോടെ നാട്ടിലെത്തി പരീക്ഷയെഴുതുക എന്ന വെല്ലുവിളി ഒഴിവായ ആശ്വാസത്തിലാണ് വിദ്യാർഥികൾ. രാവിലെ 11.30 മുതല്‍ 2.50വരെയാണ് പരീക്ഷ.
301 പേരാണ് സൗദിയിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. 224 പെണ്‍കുട്ടികളും 77 ആണ്‍കുട്ടികളും. രാവിലെ 8.30 മുതല്‍ 11 വരെ വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ടിങ് സമയമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ https:neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. വിദ്യർഥികൾ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രണ്ട് കോപ്പിയുമായാണ് പരീക്ഷക്കെത്തേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കുകയും ഒപ്പുവെക്കുകയും വേണം. മാസ്ക്, ഗ്ലൗസ്, സുതാര്യമായ വെള്ളക്കുപ്പി, ഹാൻഡ് സാനിറ്റൈസർ (50 എം.എൽ), അഡ്മിറ്റ് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കൂ. പ്രാദേശിക ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒ.എം.ആർ ഷീറ്റിൽ കറുത്ത ബാൾ പോയന്റ് പേനകൊണ്ട് ഉത്തരം അടയാളപ്പെടുത്തണം, പരീക്ഷസമയം കഴിയാതെ പുറത്തുവിടില്ല തുടങ്ങിയ നിർദേശങ്ങളും വിദ്യാർഥികൾ കർശനമായും പാലിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.