നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ: സൗദിയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം
text_fieldsറിയാദ്: മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യോഗ്യത പരീക്ഷ സൗദി അറേബ്യയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. റിയാദിൽ പരീക്ഷകേന്ദ്രം പുനഃസ്ഥാപിക്കണമെന്നാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ശക്തമായി ആവശ്യപ്പെടുന്നത്.
നേരത്തേ ഇവിടെ വളരെ സുഗമമായി നടന്ന ഈ പരീക്ഷ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പിൻവലിക്കുകയായിരുന്നു. പിന്നീട് വളരെ പ്രയാസപ്പെട്ടാണ് കുട്ടികളും രക്ഷിതാക്കളും നാട്ടിൽ പോയി പരീക്ഷയെ അഭിമുഖീകരിച്ചത്. എന്നാൽ, കോവിഡ് മഹാമാരി കാലത്ത് നാട്ടിൽ പോകാനോ ഇവിടെ പരീക്ഷ എഴുതാനോ കഴിയാത്ത കടുത്ത മാനസികസമ്മർദത്തിലാണ് രക്ഷിതാക്കളും കുട്ടികളും. കുവൈത്തിൽ ഇതിനകം ഒരു സെൻറർ ആരംഭിച്ചതായി വാർത്തകൾ വന്നിട്ടുണ്ട്. സൗദി അറേബ്യപോലുള്ള വലിയ രാജ്യങ്ങളെ പരിഗണിക്കാതെ ചെറിയ പ്രദേശങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചത് രക്ഷിതാക്കളിൽ പ്രതിഷേധത്തിനിടയാക്കി.
മറ്റ് ഗൾഫ് രാജ്യങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഇവിടെയെന്ന് സൗദി പ്രവാസികൾ ചോദിക്കുന്നു. സെപ്റ്റംബർ 12ന് പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തരമായി ഇന്ത്യൻ എംബസിയും വിദ്യാഭ്യാസവകുപ്പും സർക്കാറും ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളുകളുള്ള രാജ്യമാണ് സൗദി അറേബ്യ. അടിസ്ഥാന സൗകര്യങ്ങളുടെയും നൂതന സംവിധാനങ്ങളുടെയും കാര്യത്തിൽ ഏറെ മുന്നിലാണ് രാജ്യം.
അവയൊന്നും നോക്കാതെ നൂറുകണക്കിന് കുട്ടികളെ കണ്ണീരിലാഴ്ത്തുന്നത് വിവേചനമല്ലാതെ മറ്റൊന്നുമല്ലെന്ന് വിദ്യാഭ്യാസ സാമൂഹിക വിദഗ്ധനായ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. സൗദിയിൽ മത്സരപ്പരീക്ഷകൾ നടത്താൻ പറ്റിയ നിരവധി സ്ഥാപനങ്ങളുണ്ടെന്നും ജെ.ഇ.ഇ പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്നും ഒരു വസ്തുതയാണ്. ഇന്ത്യക്കു പുറമെ മറ്റു രാജ്യങ്ങൾക്കുവേണ്ടിയുള്ള TOFEL, IELTS പോലുള്ള പരീക്ഷകളും കാലങ്ങളായി ഇവിടെ നടക്കുന്നുണ്ടെന്ന് അധ്യാപികയും രക്ഷിതാവുമായ താഹിറാ ബാനു പറഞ്ഞു.
കുവൈത്തിലേക്കോ കേരളത്തിലേക്കോ പോകാൻ പറ്റുന്ന അവസ്ഥയിലല്ല പ്രവാസികളായ ഇന്ത്യക്കാരെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തികമായും യാത്രസംബന്ധിയായും വലിയ പ്രതിസന്ധിയിലാണ് അവർ. കുറ്റമറ്റരീതിയിലുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചോ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ ചോദ്യപേപ്പർ നേരിട്ട് എത്തിച്ചോ പരീക്ഷകൾ സൗദിയിൽ നടത്താവുന്നതേയുള്ളൂ. കോവിഡ് വാക്സിെൻറ ഓരോ ഡോസ് കുത്തിവെപ്പെടുത്ത് കുട്ടികളും എണ്ണമറ്റ സംവിധാനങ്ങളും ഇവിടെ തയാറാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള നിശ്ചയദാർഢ്യവും മാനുഷികമായ ഇടപെടലുമാണ് ആവശ്യം.
കുട്ടികൾക്ക് തനിച്ചോ രക്ഷിതാക്കൾക്ക് തങ്ങളുടെ ജോലി ഉപേക്ഷിച്ചോ നാട്ടിലേക്ക് പോകാനാവില്ലെന്ന് റിയാദിലെ പ്രവാസി രക്ഷിതാക്കളായ ഷാഹുൽ ഹമീദ്, ജിജി ജോർജ്, സഗീർ കാരാട്ടിൽ, അബ്ദുൽ ഷുക്കൂർ എന്നിവർ 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രിയും കേരളീയനായ വിദേശകാര്യമന്ത്രിയും ഗൾഫിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.