യാത്രക്കാരുടെ അശ്രദ്ധ; ലഗേജ് മാറിയെടുക്കൽ പതിവാകുന്നു
text_fieldsസുഹാർ: വിമാന യാത്രക്കാരുടെ ബാഗേജ് കൺവെയർ ബെൽറ്റിൽനിന്ന് അശ്രദ്ധമായി മാറിയെടുക്കുന്നവരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർ എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു പുറത്തേക്കു വരുന്നത് തങ്ങളുടെ ലഗേജ് എടുത്ത് എത്രയും പെട്ടെന്ന് പുറത്തുകടക്കാനാണ്. ബെൽറ്റ് വഴി കറങ്ങിയെത്തുന്ന ബാഗേജ് തങ്ങളുടെതാണെന്ന് ഉറപ്പു വരുത്താതെ അതേ രൂപത്തിലുള്ളവ എടുത്തു പോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഇതുകൊണ്ട് യാത്രക്കാർക്കുണ്ടാകുന്ന പൊല്ലാപ്പ് ചെറുതല്ല.
വിമാന അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല, തികച്ചും യാത്രക്കാരുടെ അശ്രദ്ധ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒമാനിൽനിന്ന് കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ ബാഗേജിൽ പകുതിയും ഒരു പാൽപ്പൊടി കമ്പനിയുടെ ഹാർഡ്ബോർഡ് പെട്ടി ആയിരിക്കും. അതിൽനിന്ന് നമ്മുടെ പെട്ടി തിരഞ്ഞെടുക്കുക ശ്രമകരം തന്നെയാണ്. മുതിർന്നവർ പുറത്തു കാത്തു നിൽക്കുന്നവരോട് ഫോണിൽ സംസാരിക്കുമ്പോൾ കുട്ടികൾ ബെൽറ്റിൽനിന്ന് പെട്ടി എടുത്തുവെക്കുന്നതും മാറിപ്പോകാനിടയാക്കുന്നുണ്ട്.
ഹാൻഡ് ബാഗ് ആയി കൈയിൽ കൊണ്ടുപോകാം എന്ന് കരുതി എടുക്കുന്ന ബാഗ്, വിമാനത്തിൽ കയറാൻ നേരം ലഗേജിലേക്ക് മാറ്റുന്ന ഏർപ്പാടുണ്ട്. അങ്ങനെ ലഗേജ് ബെൽറ്റിൽ വരുമ്പോൾ പേരോ അടയാളങ്ങളോ ഉണ്ടായിക്കൊള്ളണമെന്നില്ല. ടാഗ് ഉണ്ടാകുമെങ്കിലും അത് ഒത്തുനോക്കാൻ പലരും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ മാറിപ്പോകുക സ്വാഭാവികം.
കല്യാണം, പെണ്ണുകാണൽ, ജന്മദിനം മറ്റു ആഘോഷങ്ങൾ എന്നിവ കണ്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്നവർ പെട്ടികളിൽ ഇഷ്ടപ്പെട്ട സമ്മാനങ്ങൾ കരുതിയിരിക്കും. പെട്ടിമാറലിലൂടെ ഇത്തരം സമ്മാനങ്ങൾ നഷ്ടപ്പെടുന്നത് സങ്കടകരമാണെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ മാറിയ പെട്ടി ദിവസങ്ങൾ കഴിഞ്ഞാൽ തിരിച്ചുകിട്ടാറുണ്ട്. ചിലർ പെട്ടികളിൽ വലിയ രീതിയിൽ പേര് എഴുതി ഒട്ടിക്കുന്ന പതിവുണ്ട്. അത് കളിയാക്കലിനും ഇടയാക്കിയിരുന്നു. ഇപ്പോൾ വലിയ രീതിയിൽ പേര് എഴുതിയില്ലെങ്കിൽ മാറ്റാരെങ്കിലും മാറി എടുത്തു പോകും എന്ന നിലയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.