നെഹ്റു ട്രോഫി ജലമേളയിലെ ആദ്യ ടിക്കറ്റ് വാങ്ങി വാർത്തയിൽ നിറഞ്ഞിട്ടും മത്സരം കാണാനാവാതെ പ്രവാസി
text_fieldsദമ്മാം: 68-ാമത് ആലപ്പുഴ നഹ്റു ട്രോഫി ജലോത്സവത്തിന്റെ തിരയടങ്ങുമ്പോൾ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിട്ടും അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ നെടുവീർപ്പിട്ട് ഒരു പ്രവാസി. ജലമേളകളെ നെഞ്ചേറ്റുന്ന തനി ആലപ്പുഴക്കാരനായ ദമ്മാമിലെ പ്രവാസി വ്യവസായി ഹാരിസ് രാജയാണ് ഇത്തവണ വള്ളംകളി മത്സരത്തിന്റെ ആദ്യ ടിക്കറ്റ് വാങ്ങിയത്. നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന സബ് കളക്ടര്‍ ഓഫീസില്‍ എ.എം. ആരിഫ് എം.പി ഹാരിസ് രാജയ്ക്ക് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്‍റെ ചിത്രം കളക്ടർ കൃഷ്ണ തേജ ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിൽ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങുമ്പോൾ മനസിലെന്താണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഭക്തിപൂർവമാണ് താൻ ഇത് ഏറ്റുവാങ്ങുന്നതെന്നും എല്ലാ അർഥത്തിലും ജലമേള വിജയകരമായിരിക്കണമെന്ന പ്രാർഥന മാത്രമാണ് മനസിലുള്ളതെന്നും അന്ന് ഹാരിസ് രാജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും കളക്ടർ പങ്കുവെച്ചിരുന്നു. വള്ളംകളി ദിവസമെത്താൻ ആറ്റുനോറ്റ് കാത്തിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ദമ്മാമിൽനിന്ന് വിളിയെത്തി. കമ്പനി ആവശ്യത്തിന് അടിയന്തരമായി തിരിച്ചെത്തണമെന്ന അറിയിപ്പായിരുന്നു അത്. മത്സരത്തിന് ഒരു ദിവസം മുമ്പ് മനസില്ലാമനസോടെ തിരികെ പോരാൻ നിർബന്ധിതനാവുകയായിരുന്നു ഹാരിസ്.
ദമ്മാമിൽ ഇരുന്ന് ടിവിയിൽ കണ്ടു മനസുകൊണ്ട് ആ ആരവങ്ങളിൽ പങ്കുകൊള്ളുകയായിരുന്നു. ഇവിടുത്തെ അത്യാവശ്യ ജോലികൾ തീർത്ത് ഉടൻ നാട്ടിലെത്തി നെഹ്റു ട്രാഫിയുടെ നടത്തിപ്പ് വിജയത്തിന്‍റെ ആഹ്ലാദങ്ങളിൽ പങ്കുചേരുമെന്ന് ഹാരിസ് പറയുന്നു. നെഹ്റു ട്രോഫി വള്ളംകളി സാംസ്കാരികസമിതി നിർവാഹകസമിതി അംഗമായ
ഹാരിസ് രാജ അതിെൻറ നടത്തിപ്പിലും അതിനോടനുബന്ധിജച്ചുള്ള വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങളിലും ക്രിയാത്മക നിർദേശങ്ങളും സംഭാവനകളുമായി പങ്കാളികളാവാറുണ്ട്. സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ആലപ്പുഴ എം.എൽ.എ പി. ചിത്തരഞ്ജൻ നിർവഹിക്കുന്ന ചടങ്ങിലും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു.
കാൽനൂറ്റാണ്ടായി പ്രവാസിയായ അദ്ദേഹം ദമ്മാം കേന്ദ്രീകരിച്ച് ഹെവി എക്യുപ്മെന്റ് മാനുഫാക്ചറിങ് രംഗത്താണ് പ്രവർത്തിക്കുന്നത്. ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലയിൽ പങ്കാളിത്തം വഹിക്കുന്ന സാഫ്രോൻ ഗ്രൂപ്പിന്‍റെ എം.ഡി കൂടിയാണ് അദ്ദേഹം. ജന്മനാടിന്റെ ദേശീയോത്സവമായ വള്ളംകളിയോടുള്ള ഇഷ്ടം കാരണം എല്ലാത്തവണയും ആ സമയത്ത് നാട്ടിലെത്തി അതിൽ പങ്കുകൊള്ളാറുണ്ട്. ഇത്തവണ ആദ്യ പ്രവേശന ടിക്കറ്റ് തന്നെ സ്വന്തമാക്കാനുമായി.
എന്തായാലും മഴ മാറിനിന്ന് വിജയകരമായി മത്സരങ്ങൾ പൂർത്തിയാക്കി ജലോത്സവം വലിയ വിജയമായെന്ന് അറിയുേമ്പാൾ നഷ്ടബോധത്തിനിടയിലും ദമ്മാമിലെ ഓഫീസിലിരുന്ന് സന്തോഷം പൊഴിക്കുകയാണ് അദ്ദേഹം. കോവിഡിനെ തുടർന്ന് മൂന്നുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണ നെഹ്റു ട്രോഫി വള്ളംകളി നടന്നത്. ആശ ഹാരിസാണ് ഭാര്യ. യു.എ.ഇയിൽ എൻജിനീയറിങ് വിദ്യാർഥിയായ ഹർഷാൻ ഹാരിസ്, ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഹയ ഹാരിസ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.