സ്വാതന്ത്ര്യസമരത്തിൽ സവർക്കർക്കോ സംഘ്പരിവാറിനോ ഒരു പങ്കുമില്ല -നവോദയ റിയാദ്
text_fieldsറിയാദ്: നവോദയയുടെ 13-ാം വാർഷികദിനവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ അനുസ്മരണവും സംഘടിപ്പിച്ചു. യോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം ഒരേ സമയം കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും തിരുവിതാംകൂറിന്റെയും മലബാറിന്റെയും സ്വാതന്ത്ര്യസമരചരിത്രം കൂടിയാണെന്ന് സുധീർ ഓർമിപ്പിച്ചു. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അടക്കം നിരവധി പ്രസ്ഥാനങ്ങളുടെയും കർഷക-തൊഴിലാളി-വിദ്യാർഥി സംഘടനകളുടെയും നിരന്തര സമരത്തിന്റെ ഫലമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം.
എന്നാൽ അതിൽ ഒരു പങ്കും വഹിക്കാത്ത സംഘ്പരിവാർ രാജ്യത്തെ ഒറ്റിക്കൊടുത്ത വി.ഡി. സവർക്കറെ മുൻനിർത്തി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സുധീർ കുറ്റപ്പെടുത്തി. സംഘ്പരിവാർ ഭരണത്തിൽ രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണ്. പട്ടിണിയിൽ, തൊഴിലില്ലായ്മയിൽ, മനുഷ്യാവകാശ ലംഘനത്തിൽ, വിശ്വാസ സ്വാതന്ത്ര്യത്തിൽ ഒക്കെ ഇന്ത്യ ലോകരാജ്യങ്ങൾക്കുമുന്നിൽ നാണം കെട്ടിരിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഹനിക്കുകയും ജുഡീഷ്യറിയുടെ വിശ്വാസ്യതപോലും തകർക്കപ്പെടുകയും ചെയ്യുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നത്.
ഫാഷിസ്റ്റ് ആശയങ്ങളിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ കൃഷ്ണപിള്ളയുടെ ജീവചരിത്രം പാഠമാവണമെന്നും അദ്ദേഹം പറഞ്ഞു. 13 വർഷത്തിനിടെ ജീവകാരുണ്യ രംഗത്തും കലാ കായിക രംഗത്തും ഒട്ടേറെ പ്രവർത്തനങ്ങൾ നവോദയക്ക് നടത്താനായെന്ന് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ചൂണ്ടിക്കാട്ടി. യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷൈജു ചെമ്പൂര് കൃഷ്ണപിള്ള അനുസ്മരണവും നടത്തി. നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം, ബാബുജി, അയൂബ് കരൂപ്പടന്ന എന്നിവർ സംസാരിച്ചു. മിഥുൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.