പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കം
text_fieldsയാംബു: സൗദി സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. ആകെ 50 ലക്ഷത്തിലധികം വിദ്യാർഥികളാണ് 33,500ത്തിലധികം സ്കൂളുകളിലേക്കെത്തുക. ഹിജ്റ വർഷം സഫർ ഒന്നിനാണ് പുതിയ അധ്യയന വർഷാംരംഭം. വിദ്യാർഥികളുടെ പഠനസംബന്ധമായ എല്ലാ ഒരുക്കവും പൂർത്തിയാക്കാനും സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ നിർദേശം നൽകിയിരുന്നു. ഓരോ പ്രദേശങ്ങളിലും വിദ്യാഭ്യാസ സൂപ്പർവൈസർമാരും മറ്റ് ഉദ്യോഗസ്ഥന്മാരും സ്കൂളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഒരുക്കം പൂർത്തിയാക്കാനും രംഗത്തുണ്ടായിരുന്നു.
പുതിയ അധ്യയനവർഷം ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി വരുന്നു. കിഴക്കൻ പ്രവിശ്യയിലെ 1,627 സ്കൂളുകളിലേക്ക് 40 ലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിന്റെ സ്കൂളുകൾക്കുള്ള 'നൂർ' ആപ്ലിക്കേഷൻ വഴി ഗതാഗത സൗകര്യം ലഭിക്കാൻ രജിസ്റ്റർ ചെയ്ത 50,000 വിദ്യാർഥികൾക്കായി 700 ഓളം ബസുകൾ ഒരുക്കിയതായും വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അൽ-ബാഹെസ് അറിയിച്ചു.
1,320 പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് ഘട്ടം ഘട്ടമായി 1,62,583 വിദ്യാർഥികളെ സ്വീകരിക്കാൻ മേഖല സജ്ജമാണെന്ന് ജീസാനിൽ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റർമാർ അറിയിച്ചു. 'ആരോഗ്യ സംരക്ഷണത്തിൽ നിങ്ങളുടെ പങ്ക്' എന്ന ശീർഷകത്തിൽ ആരോഗ്യ മന്ത്രാലയം സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്കായി ബോധവത്കരണ കാമ്പയിൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ജീവിതശൈലീ രോഗങ്ങളിൽ നിന്ന് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.