സർക്കാറിന്‍റെ യശസ്സ് കളയുന്ന തീരുമാനം -ന്യൂ ഏജ് ഇന്ത്യ ഫോറം
text_fieldsജിദ്ദ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ എന്ന ഉത്തരവ് സംസ്ഥാന സർക്കാറിന്‍റെ യശസ്സ് കളയുന്ന തീരുമാനമാണെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം അഭിപ്രായപ്പെട്ടു. വന്ദേ ഭാരത് മിഷൻ വഴി അർഹരായ പ്രവാസികൾക്ക് നാടണയാൻ പര്യാപ്തമാവും വിധത്തിൽ വിമാന സർവിസുകൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്താതെ വന്ന ഘട്ടത്തിലാണ് സംഘടനകൾ മുൻകൈ എടുത്ത് വിമാനങ്ങൾ ചാർട്ടർ ചെയ്ത് തുടങ്ങിയത്.
വന്ദേ ഭാരത് മിഷനിൽ അവസരം കാത്ത് ഏറെ നാളായി കഴിയുന്ന പ്രവാസികൾക്ക് ചാർട്ടേഡ് വിമാനങ്ങൾ ചെറുതല്ലാത്ത ആശ്വാസമായിരുന്നു. തുടക്കത്തിൽ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് കേരള സർക്കാറിന്‍റെ ഇടപെടൽ വിമാനങ്ങൾ ചാർട്ട് ചെയ്യുന്നവരെ ആശങ്കയിലാക്കി. ഇപ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ എന്ന സർക്കാർ ഉത്തരവുകൂടെ വന്നതോടെ ചാർട്ടർ വിമാനങ്ങളിലെങ്കിലും നാടണയാം എന്ന പ്രവാസികളുടെ ആഗ്രഹം കൂടിയാണ് അവസാനിച്ചത്.
ചാർട്ടർ ചെയ്ത സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഇതുമൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടം അതിന്‍റെ മറ്റൊരു വശം കൂടിയാണ്. ഗൾഫ് രാജ്യങ്ങളിളിൽ പലയിടത്തും കോവിഡ് സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നില്ല എന്ന യാഥാർഥ്യം ഇത്തരം ഉത്തരവ് ഇറക്കും മുമ്പ് സർക്കാർ മനസ്സിലാക്കേണ്ടതായിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ടു ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കും മുമ്പ് ലോക കേരള സഭ, നോർക്ക മുതലായ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സാധ്യതകൾ ആരായാമായിരുന്നു. കൊട്ടിഘോഷിച്ച ഈ സംവിധാനങ്ങൾളെല്ലാം പിന്നെ എന്തിനു വേണ്ടി ആയിരുന്നുവെന്ന് പറയാൻ സർക്കാർ ബാധ്യസ്ഥരാണ്.
കേവലം ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന തീരുമാനങ്ങൾ പ്രവാസികൾക്ക് മേൽ സർക്കാർ അടിച്ചേൽപ്പിക്കുമ്പോൾ പ്രവാസലോകത്ത് സർക്കാർ വിരുദ്ധ സംഘടനകൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി പോലും നൽകാനാകാത്ത സ്ഥിതിയിലാണ് ഇടത് പ്രവാസി സംഘടനകളെന്നും പ്രവാസി ക്ഷേമത്തിൽ നാളിതുവരെ കേരള സർക്കാർ നടപ്പിലാക്കിയ മുഴുവൻ പ്രവർത്തനങ്ങളുടെയും യശസ്സ് കളയുന്നതാണ് പുതിയ പ്രഖ്യാപനമെന്നും ന്യൂ ഏജ് ഇന്ത്യ ഫോറം പ്രസ്താവിച്ചു.
പുതിയ പ്രഖ്യാപനത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും അടിയന്തരമായി ഈ തീരുമാനം പിൻവലിക്കണമെന്നും ഭാരവാഹികളായ പി.പി. റഹീം (ലോക കേരള സഭാ അംഗം), സലിം മധുവായ്, സത്താർ കണ്ണൂർ എന്നിവർ വാർത്താകുറിപ്പില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.