ബാങ്ക് ഓഫ് ചൈനയുടെ ശാഖ സൗദിയിൽ തുറന്നു
text_fieldsറിയാദ്: പ്രമുഖ ചൈനീസ് ബാങ്കിന്റെ ശാഖ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ നാല് ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ചൈനയുടെ ശാഖയാണ് തലസ്ഥാന നഗരമായ റിയാദിൽ തുറന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന ധനകാര്യ ഇടപാടുകൾക്കായി ചൈനീസ് കറൻസി യുവാന്റെ ഉപയോഗം വിപുലമാക്കുന്നതിനുള്ള നീക്കമായാണ് ചൈനീസ് ബാങ്ക് ശാഖ തുറന്നത്. ഇതിനായി സൗദി ഗവൺമെൻറ് അനുമതി നൽകിയത് രണ്ട് വർഷം മുമ്പാണ്. പ്രവർത്തനം തുടങ്ങിയ ബാങ്ക് ശാഖയിൽ 20ലധികം ജോലിക്കാരുണ്ട്. ഭൂരിഭാഗവും തദ്ദേശീയ പൗരന്മാരാണ്. രാജ്യത്ത് ശാഖ തുറക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണിത്. 2015ൽ റിയാദിൽ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ ശാഖ ആരംഭിച്ചിരുന്നു. ഈ വർഷം മേയിൽ ജിദ്ദയിലും ഇതേ ബാങ്കിന്റെ ശാഖ തുറന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ നല്ല സംഭവവികാസങ്ങളുടെയും സാമ്പത്തിക സഹകരണത്തിന്റെ പുതിയ ഘട്ടത്തിന്റെയും ഫലമായാണ് ബാങ്ക് ഓഫ് ചൈന സൗദിയിൽ ബ്രാഞ്ച് തുറന്നതെന്ന് ചൈനീസ് അംബാസഡർ ചെൻ വെയ്ക്കിങ് പറഞ്ഞു. സൗദി സെൻട്രൽ ബാങ്ക് ഗവർണർ അയ്മൻ അൽ സയാരി, ഇൻവെസ്റ്റ്മെൻറ് ഓപറേഷൻസ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സ്വാലിഹ് അൽ ഖബ്ത്തി എന്നിവർ ഉൾപ്പെടെ 250ഓളം അതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതായി ബാങ്ക് ഓഫ് ചൈന പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.