കടൽ വിനോദ സഞ്ചാര വികസനത്തിന് പുതിയ കമ്പനി
text_fieldsജിദ്ദ: സൗദിയിൽ കടൽ കേന്ദ്രീകൃത വിനോദ സഞ്ചാര മേഖല വിപുലമാക്കാൻ 'സൗദി ക്രൂയിസ്' എന്ന പേരിൽ കമ്പനി ആരംഭിച്ചു. സൗദി പൊതുനിക്ഷേപ നിധിക്ക് കീഴിലാണ് കമ്പനി രൂപവത്കരണം. വിഷൻ 2030 ലക്ഷ്യമിട്ട് ടൂറിസം മേഖല വികസിപ്പിക്കുകയും കടലുമായി ബന്ധപ്പെട്ട ടൂറിസം ഭൂപടത്തിൽ രാജ്യാന്തര വിനോദ കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുന്ന പദ്ധതിയാണിത്. കമ്പനിയുടെ ആസ്ഥാനം ജിദ്ദയിലായിരിക്കും. കടലും കരയും തമ്മിലെ പാലമായി സൗദി ക്രൂയിസ് കമ്പനി പ്രവർത്തിക്കും. സൗദി ടൂറിസം മേഖലയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം അനുഭവം യാഥാർഥ്യമാക്കും. ടൂറിസ്റ്റ് റൂട്ടുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കും. അസാധാരണ ടൂറിസം അനുഭവമൊരുക്കും. സൗദി പൈതൃകവും സംസ്കാരവും കണ്ടെത്താൻ അവസരമൊരുക്കും. പരിസ്ഥിതി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.
പൊതുനിക്ഷേപ നിധിയുടെ കീഴിൽ അടുത്തിടെ പ്രഖ്യാപിച്ച പഞ്ചവത്സര കർമപദ്ധതിയുടെ ഭാഗമായാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.എണ്ണയിതര വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള രാജ്യത്തിെൻറ ശ്രമങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ സുപ്രധാന മേഖലകളിൽ വികസനം നടപ്പാക്കി 2025 അവസാനത്തോടെ 1.2 ലക്ഷം കോടി സൗദി റിയാൽ എണ്ണയിതര വരുമാനമുണ്ടാക്കാനാണ് നിധിയും അനുബന്ധ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.