സൗദി ഉടമസ്ഥതയിൽ പുതിയ കമ്പനി: ‘റിയാദ് എയർ’ വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈനും പുറത്തുവിട്ടു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനി ‘റിയാദ് എയർ’ തങ്ങളുടെ വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പാറ്റേണും പുറത്തുവിട്ടു. ദുബൈ എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചത്. രണ്ടുതരം കളർ ഡിസൈനുകളിൽ വിമാനങ്ങളുള്ള ആദ്യ അന്താരാഷ്ട്ര വിമാന കമ്പനിയാകും തങ്ങളുടേതെന്ന് റിയാദ് എയർ അധികൃതർ വെളിപ്പെടുത്തി. ആദ്യ ഡിസൈനിലുള്ള വിമാനങ്ങൾ നേരത്തേ അവതരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ പാരിസ് എയർ ഷോയിലാണ് ആദ്യ ഡിസൈനിന്റെ വെളിപ്പെടുത്തൽ.
സൗദി അറേബ്യയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 2025ൽ സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി. ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങളെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാവും സർവിസുകൾ. ലോകമെമ്പാടുമുള്ള വ്യോമഗതാഗത മേഖലക്ക് പുതിയ സവിശേഷതകൾ സംഭാവന ചെയ്യുന്നതിൽ റിയാദ് എയർ സജീവ പങ്കുവഹിക്കുന്ന പുതുയുഗത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഡിസൈനുകൾ. മരുഭൂമിയിൽ കാണുന്ന കൂടാരങ്ങളുടെ ആകൃതിയും അറബി കാലിഗ്രഫിയുടെ സൗന്ദര്യാത്മകതയും ഉൾക്കൊണ്ട വരകളാണ് രണ്ടാമത്തെ ഡിസൈനിന്റെ പ്രത്യേകത. കോക്ക്പിറ്റ് വിൻഡോകൾക്ക് വ്യതിരിക്തമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. വിമാനത്തിന്റെ പ്രധാന ബോഡിയിൽ സിൽവർ, ലാവൻഡർ നിറങ്ങളാണ്. ഇത് വളരെ മനോഹാരിത നൽകുന്നു. ആദ്യ വിഭാഗം വിമാനങ്ങൾക്ക് ലാവൻഡർ നിറം മാത്രമാണുള്ളത്. വിമാനങ്ങളുടെ ബാഹ്യ രൂപകൽപനകൾ വെളിപ്പെടുത്തുന്നത് അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കിടയിൽ മുൻനിര സ്ഥാനം നേടാനുള്ള റിയാദ് എയറിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. രണ്ട് ഡിസൈനുകളുള്ള ആദ്യ വിമാന കമ്പനിയാകാനാണ് ഒരുങ്ങുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
നാരോ ബോഡി വിമാനങ്ങൾ കൂടുതൽ വാങ്ങും
ജിദ്ദ: റിയാദ് എയർ കൂടുതൽ നാരോ ബോഡി വിമാനങ്ങൾ വാങ്ങുമെന്ന് ഓപറേഷൻസ് ഡയറക്ടർ പീറ്റർ ബെല്ലോ പറഞ്ഞു. നാരോ ബോഡി വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ സമർപ്പിക്കാൻ വിമാന നിർമാതാക്കളുമായി ചർച്ച നടത്തിവരുകയാണ്. വിമാനങ്ങൾക്കായുള്ള ഡീൽ ഏറ്റവും മികച്ചതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. അതിന് നിർമാതാക്കളുമായി അടുത്ത് പ്രവർത്തിക്കുന്നു.
റിയാദ് എയർ 2030ഓടെ സർവിസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 170 ആയി ഉയർത്താൻ ഉദ്ദേശിക്കുന്നു. നിലവിൽ 20 പൈലറ്റുമാർ ഉൾപ്പെടെ 150 ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നതെന്നും 2025ൽ സർവിസ് ആരംഭിക്കുംമുമ്പ് ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും പീറ്റൽ ബെല്ലോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.