പുതിയ കോവിഡ് വകഭേദം: ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ യാത്രവിലക്കേർപ്പെടുത്തി
text_fieldsദുബൈ: പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റയും ദേശീയ അടിയന്തിര ദുരന്തനിവാരണ അതോറിറ്റിയുമാണ് ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ഇസ്വതിനി, സിംബാവ്വെ, ബോത്സ്വാന, മൊസംബിക് എന്നി രാജ്യങ്ങളില നിന്നുള്ള യാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇൗ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്. 14ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യു.എ.ഇയിലേക്ക് വരുന്നതിന് അനുമതി ലഭിക്കില്ല.
അതേസമയം ഈ രാജ്യങ്ങളിലേക്ക് യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് പോകാൻ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ട്. യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് യു.എ.ഇയിലേക്ക് വരാൻ വിലക്ക് ബാധകമായിരിക്കില്ല. ഇവർ നേരത്തെ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ കൃതയമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 48മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് ഫലം, പുറപ്പെടുന്നതിന് 6മണിക്കൂർ മുമ്പുള്ള റാപിഡ് ടെസ്റ്റ് ഫലം, യു.എ.ഇ എയർപോട്ടിൽ എത്തിയ ഉടനെയുള്ള പി.സി.ആർ എന്നിവക്ക് പുറമെ ഗോൾഡൻവിസക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും 10ദിവസത്തെ ക്വാറൻറീൻ എന്നിവയാണ് മാനദണ്ഡങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
നേരത്തെ അബൂദബി ആസ്ഥാനമായ ഇത്തിഹാദും ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനിയും ഈ രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ ജോഹന്നാസ്ബർഗ്, കേപ്ടൗൺ എന്നിവിടങ്ങളിൽ നിന്ന് എമിറേറ്റ്സും ജോഹന്നാസ്ബർഗിൽ നിന്ന് ഇത്തിഹാദും സർവീസ് നടത്തി വരുന്നുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങളും വിവിധ ഗൾഫ് രാജ്യങ്ങളും ഇവിടങ്ങളില നിന്ന് യാത്ര വിലക്കിയതിന് പിന്നാലെയാണ് യു.എ.ഇയും തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തിന് കഴിഞ്ഞ ദിവസം ഒമൈക്രോൺ എന്ന പേര് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.