ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേള; തനത് സാംസ്കാരിക ഗരിമയിൽ സൗദി പവലിയൻ
text_fieldsറിയാദ്: ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ തനത് സാംസ്കാരിക, സർഗാത്മക പാരമ്പര്യം വിളിച്ചോതി സൗദി അറേബ്യയുടെ പവലിയൻ. പുസ്തകമേളയിൽ ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ പുസ്തകമേളയാണിത്. ഈ മാസം 10ന് ആരംഭിച്ച മേള 18 വരെ തുടരും. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് മേള. ഇന്ത്യയിലെ പൊതുജനങ്ങൾക്ക് സൗദിയുടെ വൈജ്ഞാനികവും സാംസ്കാരികവുമായ വശം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സൗദി സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിൽ പൈതൃകം, സംഗീതം, ചലച്ചിത്രം, പാചക കല, ഫാഷൻ എന്നീ വിഭാഗങ്ങൾക്കുള്ള അതോറിറ്റികളും കിങ് അബ്ദുൽ അസീസ് ഹൗസും ചേർന്നാണ് പവലിയിൻ ഒരുക്കിയിരിക്കുന്നത്.
സൗദിയുടെ സംസ്കാരവും സർഗാത്മകതയും അതിരുകൾ കടന്നു വിവിധ രൂപങ്ങളിൽ ലോകത്തെത്തിയതായി സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് അലവാൻ പറഞ്ഞു. സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം വികസിപ്പിക്കാനും പുരാതന ചരിത്രത്തോളം വേരൂന്നിയ സംസ്കാരത്തിന്റെ തനിമയും സർഗാത്മകതയും ഉയർത്തിക്കാട്ടാനുമാണ് ഈ പുസ്തകമേളയിലെ പങ്കാളിത്തത്തിലൂടെ സൗദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി പവിലിയനിലെ സാംസ്കാരിക പരിപാടികൾ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം വർധിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിെൻറ പരിപാടിയുടെ ഭാഗം കൂടിയാണ്. ജനങ്ങൾക്കിടയിൽ ക്രിയാത്മകമായ സംഭാഷണം തുടരുന്നതിന് ഇത് സംഭാവന നൽകും. ‘വിഷൻ 2030’െൻറ കുടക്കീഴിൽ കൈവരിക്കാൻ ശ്രമിക്കുന്ന സാംസ്കാരിക ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിതെന്നും അലവാൻ പറഞ്ഞു. എട്ട് ദിവസം നീണ്ട് നിൽക്കുന്ന പുസ്തകമേളയിൽ സൗദിയുടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
സൗദി എഴുത്തുകാർ പങ്കെടുക്കുന്ന സെമിനാറുകൾ, സംവാദങ്ങൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയാണ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ പുരാതന സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനായി പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പുറമേ സൗദി സംഗീതവും പ്രകടന കലകളും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദേശീയ വിഭവങ്ങളും പരിചയപ്പെടുത്തുന്ന രണ്ട് ആഘോഷ പരിപാടികളും നടക്കും.
സംസ്കാരം, കല, സാഹിത്യം, വിജ്ഞാനം എന്നീ മേഖലകളിലെ സൗദിയുടെ വളർച്ചയും പുരോഗതിയും എടുത്തുകാണിക്കുന്നതാണ് പവലിയൻ. ഇന്ത്യയിലെ വിവിധ സാംസ്കാരിക മേഖലകളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുക, സാംസ്കാരിക പരിപാടികൾ ക്രിയാത്മകമാക്കാൻ ഈ രംഗത്ത് മുതൽമുടക്ക് നടത്തുക എന്നിവയെ സഹായിക്കുന്നതാണ് ഈ പങ്കാളിത്തെമന്നാണ് വിലയിരുത്തൽ. പുസ്തകമേളയിൽ 600-ലധികം അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയമാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.