പുതിയ വികസന കാഴ്ചപ്പാടുകൾക്ക് പ്രസക്തിയേറുന്നു
text_fieldsതെരഞ്ഞെടുപ്പ് രംഗം അടിമുടി മാറുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ മുന്നണി മേധാവിത്വത്തിനിടയിലും പുതിയ തരംഗങ്ങൾ, പ്രത്യേകിച്ചും ന്യൂജൻ പ്രാതിനിധ്യമുള്ള നവ രാഷ്ട്രീയ പാർട്ടികൾ ജനപക്ഷ വികസന അജണ്ടകളുമായി സജീവ സാന്നിധ്യമാകുകയാണ്. പ്രകടന പത്രികയിലും പ്രചാരണ പരിപാടികളിലുമടക്കം ഈ നവ്യത ദൃശ്യമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്തുകൾ എടുത്തുനോക്കിയാൽ തുലോം ചെറുതാണെങ്കിലും പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ഭരണത്തിൽ പങ്കാളിത്തം ലഭിച്ച വാർഡുകൾ ജനകീയ വികസനത്തിെൻറ മകുടോദാഹരണങ്ങളായി കാണാൻ കഴിയും. പൊതുജനക്ഷേമവും വികസനവുംതന്നെയാവണം മുഖ്യ അജണ്ട. കേരളം പോലെ വർധിച്ച ജനസാന്ദ്രതയുള്ള പ്രകൃതിലോലമായ സംസ്ഥാനത്തിന് നമ്മുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വികസന പദ്ധതികളാണ് വേണ്ടത്. അത് അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാവണം.
ഒാരോ പഞ്ചായത്തിലും രോഗികൾക്ക് കിടക്ക സൗകര്യമുള്ള ആശുപത്രികളുണ്ടാവണം. ചികിത്സരംഗം ആധുനികീകരിക്കണം. വിഷരഹിത ഭക്ഷണത്തിനായി ജൈവകൃഷിക്കും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ മത്സ്യ ക്ഷീരവികസനം എന്നിവക്കും പ്രോത്സാഹനമുണ്ടാവണം. പുറമെ വ്യവസായികാടിസ്ഥാനത്തിൽ കൃഷിയുടെ സാധ്യതകൾ തിരിച്ചറിയണം. അതിനുള്ള പാടങ്ങളും വയലുകളും ഏറ്റെടുത്ത് സംരക്ഷിക്കണം. ആട്, മാട് വളർത്തലിന് എല്ലാവിധ സഹായവും നൽകണം.
കുളങ്ങളും തോടുകളും തണ്ണീർത്തടങ്ങളും നവീകരിച്ചു സംരക്ഷിക്കണം. മാലിന്യങ്ങൾ കുന്നുകൂടുന്നതിനു പകരം ഉറവിടത്തിൽതന്നെ സംസ്കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം. ഇതിനായി റെസിഡൻറ് അസോസിയേഷനുകൾ രൂപവത്കരിക്കണം. സ്ത്രീ ശാക്തീകരണത്തിനും കുടുംബ അയൽപക്ക ഭദ്രതക്കും ഊന്നലുണ്ടാവണം. വാർഡുകളിലെ പ്രവാസികളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയും പ്രത്യേക ഹെൽപ് െഡസ്ക് ഉണ്ടാകുകയും വേണം. തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ, വ്യവസായ പദ്ധതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കണം. യുവാക്കളിൽ കായികക്ഷമതയും മത്സരാഭിരുചിയുമുണ്ടാക്കാൻ സ്പോർട് ഗ്രൗണ്ടുകൾ വേണം. മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിന് വിവിധ സൗകര്യങ്ങൾ ഏർപ്പാട് ചെയ്യണം.
ഭൂമിയില്ലാത്തവർക്ക് വീടിന് അഞ്ച് സെെൻറങ്കിലും സ്ഥലം കണ്ടെത്തി നൽകണം. വീട് നിർമാണത്തിനാവശ്യമായ തികയാത്ത ഫണ്ട് പൊതുജന പങ്കാളിത്തത്തിലൂടെ കണ്ടെത്തണം. കൊള്ളപ്പലിശക്കാരുടെയും മയക്കുമരുന്ന് മാഫിയകളുടെയും പിടിയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കാൻ വാർഡുകൾ ലഹരിമുക്തമാക്കുകയും പലിശരഹിത വായ്പാനിധികൾ, സൊസൈറ്റികൾ രൂപവത്കരിക്കുകയും വേണം. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഗ്രാമസഭകൾ സജീവമാവണം. വാർഡിലെ വികസന വിഷയങ്ങൾക്ക് പുറമെ സാമൂഹിക വിഷയങ്ങൾകൂടി സഭകളിൽ ചർച്ചക്ക് വരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.