Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൗസ്​ ഡ്രൈവർക്കും...

ഹൗസ്​ ഡ്രൈവർക്കും വീട്ടുജോലിക്കാർക്കും വാരാന്ത്യ, വാർഷിക അവധികൾ; സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ നിയമം ഉടൻ

text_fields
bookmark_border
ഹൗസ്​ ഡ്രൈവർക്കും വീട്ടുജോലിക്കാർക്കും വാരാന്ത്യ, വാർഷിക അവധികൾ; സൗദിയിൽ പുതിയ ഗാർഹിക തൊഴിൽ നിയമം ഉടൻ
cancel

ജിദ്ദ: സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച പുതിയ ഗാർഹികതൊഴിൽ നിയമം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ആഴ്ചയിലുള്ള അവധി, വാർഷിക അവധി, മെഡിക്കൽ അവധി, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.

തൊഴിൽ കരാറിലോ താമസ രേഖയിലോ (ഇഖാമ) രേഖപ്പെടുത്താത്ത ജോലികൾ ഗാർഹിക ​തൊഴിലാളികളെ കൊണ്ട്​ ചെയ്യിക്കാനും 21 വയസ്സിന് താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയമിക്കാനും പാടില്ല. പുതിയ നിയമത്തിൽ തൊഴിൽ കരാറിന്‍റെ എല്ലാ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള നിയമങ്ങളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പരം കടമകൾ എന്നിവയുമെല്ലാം ഉൾപ്പെടുന്നു.

വീട്ടുജോലിക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം രേഖാമൂലമുള്ള തൊഴിൽ കരാർ മുഖേന നിയന്ത്രിക്കാനായി അത്​ കൃത്യമായി തയാറാക്കി മന്ത്രാലയത്തിന്‍റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തണം. ജോലിയുടെ സ്വഭാവം, വേതനം എന്നിവയെല്ലാം വ്യക്തമാക്കി ഇരുകൂട്ടരും സമ്മതിച്ചു കരാറിൽ ഉൾപ്പെടുത്തണം. പ്രൊബേഷണറി കാലയളവ്, കരാറിന്‍റെ ദൈർഘ്യം, പിന്നീട് പുതുക്കുന്ന രീതി, അധിക ജോലി സമയം തുടങ്ങിയ വിവരങ്ങളെല്ലാം കരാറിൽ ഉൾപ്പെടണം.

കരാറിലെ അവകാശങ്ങൾ നിയമപരമായി ഉറപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി രണ്ട് കക്ഷികളുടെയും വിലാസം, ഇമെയിൽ, ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇരു കക്ഷികളുടെയും ഓരോ ബന്ധുക്കളുടെ വിവരങ്ങൾ എന്നിവയും കരാറിൽ അടങ്ങിയിരിക്കണം. പ്രൊബേഷൻ കാലാവധി 90 ദിവസത്തിൽ കൂടരുത്. എന്നാൽ ഈ കാലയളവിൽ തൊഴിലാളിയുടെ കഴിവ് പരിശോധിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തൊഴിലുടമയ്ക്കും ജോലിക്കാർക്കും പ്രൊബേഷൻ കാലയളവിൽ സ്വന്തം ഇഷ്ടപ്രകാരം കരാർ അവസാനിപ്പിക്കാം. ഒരേ തൊഴിലുടമയുടെ കീഴിൽ ഗാർഹിക തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷനിൽ നിർത്തുന്നത് അനുവദനീയമല്ല.

ഗാർഹിക തൊഴിൽ കരാർ അവസാനിപ്പിക്കാൻ ഇരുകക്ഷികളും സമ്മതിക്കുകയോ അല്ലെങ്കിൽ വീട്ടുജോലിക്കാരന്‍റെയോ തൊഴിലുടമയുടെയോ ഭാഗത്തുനിന്ന് നിയമാനുസൃതമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കക്ഷികളിൽ ഒരാളുടെ മരണം സംഭവിക്കുകയോ ചെയ്താൽ കരാർ അവസാനിച്ചതായി കണക്കാക്കും. ഗാർഹിക തൊഴിലാളികൾക്കുള്ള പുതിയ മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രാബല്യത്തിൽ വരികയെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പുതിയ ഗാർഹികതൊഴിൽ നിയമത്തിലെ വിശദാംശങ്ങൾ

ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ

  • ഉഭയകക്ഷി സമ്മത പ്രകാരം വീട്ടുജോലിക്കാരന് ആഴ്ചയിൽ ഒരു ദിവസം വിശ്രമിക്കാൻ അർഹതയുണ്ട്.
  • തൊഴിലുടമ മുൻകൂർ നൽകിയ വേതനമോ തൊഴിലാളി മനപ്പൂർവ്വമോ അശ്രദ്ധ മൂലമോ വരുത്തിയ ചെലവുകളോ അല്ലാതെ ഒരു സന്ദർഭത്തിലും കരാർ പ്രകാരമുള്ള ശമ്പളത്തിൽ നിന്ന് ഒരു റിയാൽ പോലും കുറയ്ക്കാൻ പാടില്ല. അനുവദനീയമായ കിഴിവ് ശമ്പളത്തിന്‍റെ പകുതിയിൽ കൂടുകയുമരുത്.
  • രണ്ട് വർഷം മുഴുവൻ സേവനമനുഷ്ഠിച്ച ഒരു തൊഴിലാളിക്ക് ഒരു മാസം മുഴുവൻ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.
  • അവധിയെടുക്കുന്നില്ലെങ്കിൽ തൊഴിലാളിക്ക് അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാനും അവകാശമുണ്ട്.
  • നിലവിലുള്ള ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി തൊഴിലാളിയുടെ ആരോഗ്യ സംരക്ഷണത്തിനായി പരമാവധി 30 ദിവസത്തെ ശമ്പളത്തോടുകൂടി വാർഷിക അസുഖ അവധിക്ക് അർഹതയുണ്ട്. എന്നാൽ ഇത് അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അനുവദിക്കുക.
  • നാല് വർഷം തൊഴിലുടമയുടെ കീഴിൽ ​തുടർന്നാൽ ഒരു മാസത്തെ വേതന മൂല്യമുള്ള സേവനാനന്തര ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്.
  • കരാർ പ്രകാരമുള്ള നടപടികളിൽ തൊഴിലുടമ വീഴ്ചവരുത്തുന്ന പക്ഷം തൊഴിലാളിക്ക് അധികൃതരോട് പരാതിപ്പെടാം.

തൊഴിലാളിയുടെ കടമകൾ

  • സമ്മതിച്ച ജോലി നിർവഹിക്കാനും അതിനുവേണ്ടി തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും നിർദേശങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.
  • തൊഴിലുടമയുടെയും കുടുംബത്തിന്‍റെയും സ്വത്ത് സംരക്ഷിക്കുന്നതിനും തൊഴിലാളി ബാധ്യസ്ഥനാണ്.
  • തൊഴിലുടമയെയും കുടുംബ ത്തെയും നേരെ ശാരീരികമായി ഉപദ്രവിക്കുകയോ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുകയോ അരുത്.
  • ജോലിയുടെ ഭാഗമായി മനസിലാക്കിയ തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലുള്ള മറ്റുള്ളവരുടെയും രഹസ്യങ്ങൾ സൂക്ഷിക്കണം. ഈ രഹസ്യങ്ങൾ മറ്റുള്ളവരോട് പറയരുത്. അവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കരുത്.
  • നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്​
  • സ്വന്തമായി മറ്റു ജോലികൾ ചെയ്യുകയോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുകയോ അരുത്.
  • മതത്തെ ബഹുമാനിക്കുകയും രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളും സൗദി സമൂഹത്തിന്‍റെ ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുകയും കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുകയും വേണം.

തൊഴിലുടമയുടെ ബാധ്യതകൾ

  • 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക തൊഴിലാളികളായി നിയോഗിക്കാൻ പാടില്ല.
  • തൊഴിൽ കരാറിലും ഇഖാമയിലും രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള ജോലി മാത്രമേ എടുപ്പിക്കാവൂ.
  • ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കരുത്.
  • കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഓരോ മാസാവസാനത്തിലും വേതനം നൽകണം.
  • തൊഴിലാളിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകേണ്ടത്.
  • വീട്ടുജോലിക്കാർക്ക് അനുയോജ്യമായ പാർപ്പിട സൗകര്യവും തൊഴിലുടമ നൽകണം.
  • തൊഴിലാളികളോട് നിറം, ലിംഗം, പ്രായം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല.
  • തൊഴിലാളിയുടെ പാസ്‌പോർട്ടോ മറ്റേതെങ്കിലും സ്വകാര്യ രേഖകളോ തിരിച്ചറിയൽ രേഖകളോ തൊഴിലുടമ പിടിച്ചുവെക്കാൻ പാടില്ല.
  • തൊഴിലാളി മരിച്ചാൽ ഇൻഷുറൻസ് പോളിസിയിൽ വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ തൊഴിലുടമ വഹിക്കണം.
  • തൊഴിലാളിയെ കുടുംബാംഗങ്ങളുമായും രാജ്യത്തെ അവരുടെ എംബസിയുമായും റിക്രൂട്ട്‌മെന്‍റ്​ ഓഫീസുമായും മറ്റ് അധികാരികളുമായും ആശയവിനിമയം നടത്താൻ തൊഴിലുടമ അനുവദിക്കണം.
  • കാലാവധി കഴിയുന്ന കരാർ തൊഴിലാളി പുതുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് ഫൈനൽ എക്സിറ്റ് നൽകണം.
  • തൊഴിലാളിയുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ ഉള്ള ജോലികൾ ഏൽപ്പിക്കുന്നത് അനുവദനീയമല്ല.
  • തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ തൊഴിലുടമക്ക് അധികൃതരോട് പരാതിപ്പെടാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour lawsaudiarabia
News Summary - New domestic labour law in Saudi soon
Next Story