പുതിയ ഗാർഹിക തൊഴിൽ നിയമം ഉടൻ വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴ
text_fieldsയാംബു: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴയും ഒരു വർഷത്തെ റിക്രൂട്ട്മെൻറ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരും. ഗാർഹിക തൊഴിൽ വിസയിലെത്തുന്ന പുരുഷന്മാരോടും സ്ത്രീകളോടും മോശമായി പെരുമാറിയതായി തെളിഞ്ഞാൽ പിഴയും റിക്രൂട്ട്മെൻറ് വിലക്കുമാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ.
എന്നാൽ, തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്കും ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. തൊഴിൽ നിയമം ആർട്ടിക്കിൾ ഏഴിലെ രണ്ടാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷകൾ. ഇത് ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ്. ഗാർഹിക തൊഴിലാളിയുടെ ആരോഗ്യത്തിനും ശരീര സുരക്ഷക്കും പുതിയ നിയമം കൂടുതൽ പരിഗണന കൽപിക്കുന്നു.
തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ല. അയാളുടെ മാനുഷികമായ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ തൊഴിലുടമ പെരുമാറരുത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പിഴകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. എന്നാൽ, കരാർപ്രകാരമുള്ള ജോലിചെയ്യാൻ തൊഴിലാളി ബാധ്യസ്ഥനാണ്. ജോലി നിർവഹണവുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കുകയും വേണം.
വീട്ടുജോലിക്കാരൻ തൊഴിലുടമയുടെ സ്വത്ത് സംരക്ഷിക്കണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കരുത്. തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും രഹസ്യങ്ങൾ സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. ചട്ടങ്ങളിലെ ഏഴാം വകുപ്പ് അനുസരിച്ച്, വീട്ടുജോലിക്കാരന് സമ്മതിച്ച ജോലിയല്ലാതെ മറ്റൊന്നും നൽകാതിരിക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. പുതിയ നിയമത്തിൽ തൊഴിൽ കരാറിെൻറ എല്ലാ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ, പരസ്പര കടമകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഗാർഹിക തൊഴിലാളികൾക്കുള്ള മാർഗരേഖ തൊഴിൽ മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രാബല്യത്തിൽ വരുകയെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.