പുതിയ വിദ്യാഭ്യാസ നയം; സംവാദ സദസ്സ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സിജി ജിദ്ദ ചാപ്റ്ററിന് കീഴിലെ സി.എൽ.പി സംവാദ സദസ്സ് സംഘടിപ്പിച്ചു. ജിദ്ദ, ദുബൈ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പാനലുകൾ നയത്തെ എതിർത്തും അനുകൂലിച്ചുമാണ് ചർച്ചയിൽ പങ്കെടുത്തത്. ദീർഘ കാലയളവിനുശേഷം വിദ്യാഭ്യാസ നയം അടിമുടി ഉടച്ചുവാർക്കുകയാണ്. പാഠ്യ, പാഠ്യേതര വേർതിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോർട്സ്, യോഗ, സാമൂഹികസേവനം എന്നിവയെല്ലാം പുതിയ പാഠ്യവിഷയങ്ങളായിരിക്കുമെന്നും പുതിയ നയം രാജ്യത്തിെൻറ സമഗ്ര പുരോഗതിക്കു വഴിയൊരുക്കുമെന്നും വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചവർ പറഞ്ഞു.
കോർപറേറ്റ് അനുകൂല നയങ്ങൾ സുഗമമാക്കുക വഴി വിദ്യാഭ്യാസത്തിെൻറ കച്ചവടവത്കരണം, കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കുക വഴി ഫെഡറല് ഘടനയെ അപ്രസക്തമാക്കുക, ശാസ്ത്രീയ മനോഭാവത്തിനു പകരം തീവ്രദേശീയത അടിച്ചേൽപിക്കുക എന്നിങ്ങനെ ഗുരുതരമായ അപകടങ്ങളാണ് പുതിയ നയത്തിൽ പതിയിരിക്കുന്നതെന്ന് എതിർത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അഹമ്മദ് ഷബീർ, ഖാസിം, ജൈലാദ് അബ്ദുല്ല, കെ.എം. ഹനീഫ്, ഫവാസ്, ഹൈദർ കോട്ടയിൽ, മുജീബ് കൈന്താർ, വേങ്ങര നാസർ എന്നിവർ സംസാരിച്ചു. കെ.ടി. അബൂബക്കർ മോഡറേറ്ററായിരുന്നു. 'മിനിമലിസം' എന്ന തലക്കെട്ടിൽ ഹാഷിം അബൂബക്കർ പ്രത്യേക പഠനപരിപാടി അവതരിപ്പിച്ചു. ഫമീബ്, മുഹമ്മദ് കുട്ടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമീർ കുന്നൻ, അമൻ എന്നിവർ അവലോകനം നടത്തി. ജെഫു ജെലാഫ് പുസ്തക നിരൂപണം നടത്തി.
ദുബൈ ചാപ്റ്റർ ചെയർമാൻ ഷംസുദ്ദീൻ അഹമ്മദ് ആമുഖ സന്ദേശം നൽകി. ഇൻറർനാഷനൽ ചാപ്റ്റർ ചെയർമാൻ കെ.എം. മുസ്തഫ, കോഓഡിനേറ്റർ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഷംനാട് ഖുർആൻ സന്ദേശം നൽകി. എ.എം. അഷ്റഫ് പരിപാടികൾ അവലോകനം നടത്തി. മുഹമ്മദ് കുഞ്ഞി അവതാരകനായിരുന്നു. മിലൻ ബീരു സ്വാഗതവും ജിദ്ദ ചാപ്റ്റർ ചെയർമാൻ അബ്ദുൽ അസീസ് തങ്കയത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.