ഇന്ത്യൻ, സൗദി സർവകലാശാലകളുടെ സഹകരണം പുതുയുഗപ്പിറവി -ഡോ. സാബു തോമസ്
text_fieldsഅൽ ഖോബാർ: ഇന്ത്യൻ, സൗദി സർവകലാശാലകൾ തമ്മിലുള്ള സഹകരണം അക്കാദമിക രംഗത്ത് പുതിയ യുഗം സൃഷ്ടിക്കുമെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും മുൻ എം.ജി. സർവകലാശാല വൈസ് ചാൻസലറും തിരുവനന്തപുരം സയൻസ് പാർക്കിന്റെ ചെയർമാനുമായ ഡോ. സാബു തോമസ്. സൗദി അറേബ്യയിലെ പ്രശസ്തമായ കിങ് ഫഹദ് പെട്രോളിയം ആൻഡ് മിനറൽസ് (കെ.എഫ്.യു.പി.എം) സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് സൗദിയിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഊർജം, മെറ്റീരിയൽ സയൻസ്, നാനോ സയൻസ്, ബയോ സയൻസ് തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയിലെയും സൗദിയിലെയും സർവകലാശാലകൾക്ക് സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അത് സർവകലാശാലകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം അധ്യാപകർക്കും വിദ്യാർഥികൾക്കും ഗുണകരമാവും. ജോയിൻറ് ഡിഗ്രി പ്രോഗാം പോലെയുള്ള പുതിയ മാറ്റങ്ങളിലൂടെ എം.ജി. സർവകലാശാലയടക്കം കേരളത്തിലെ എല്ലാ സർവകലാശാലകളും കെ.എഫ്.യു.പി.എമ്മും തമ്മിൽ അക്കാദമിക പങ്കാളിത്തത്തിന്റെ സാധ്യതകളേറെയാണ്.
വരും വർഷങ്ങളിൽ തിരുവനന്തപുരം സയൻസ് പാർക്കിനും സൗദി സർവകലാശാലകളുമായി സഹകരിക്കാനാകും. വിദ്യാഭ്യാസരംഗത്ത് സൗദി അറേബ്യ ഇന്ത്യൻ വിദ്യാർഥികൾക്ക് വളരെ നല്ല ഓപ്ഷൻ ആണ്. സൗദി ചെറുപ്പക്കാർ വളരെ ഭംഗിയായി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നു.
ഹാർദമായി അവർ നമ്മെ സ്വാഗതം ചെയ്യുന്നു. യൂറോപ്പ്, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലേതിനേക്കാൾ ഭക്ഷണം, ആത്മീയത ഉൾപ്പെടെയുള്ള അറബി സംസ്കാരവുമായി നാം നേരത്തെ തന്നെ ഇഴുകി ചേർന്നിട്ടുള്ളതാണ്.
ഗൾഫ് രാജ്യങ്ങൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ വ്യത്യസ്ത രീതികളിൽ സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോൾ നമ്മുടെ വിദ്യാർഥികൾക്ക് പഠിക്കാനും കഴിവുകൾ നേടാനും നമ്മുടെ സമൂഹത്തിന്റെ വളർച്ചക്കായി പ്രവർത്തിക്കാനും സൗദി അറേബ്യ വാതിലുകൾ തുറന്നിട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ ഡോ. സാബു തോമസിന് ഊഷ്മളമായ സ്വീകരണമാണ് മാനേജ്മെൻറും അധ്യാപകരും വിദ്യാർഥികളും നൽകിയത്.
സയൻസ് പാർക്കിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതിനൊപ്പം എം.ജി. സർവകലാശാലയിൽ മൂന്ന് ഡിപ്പാർട്മെൻറുകളും അദ്ദേഹം നയിക്കുന്നു. സൗദിയിൽ ശാസ്ത്രജ്ഞനായ ഡോ. ജോബിനാണ് സന്ദർശന പരിപാടിക്ക് നേതൃത്വം നൽകിയത്. കിങ് ഫഹദ് സർവകലാശാലയുടെ വലിയ കാമ്പസ്, അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക ലാബുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയാണ്.
സർവകലാശാല പ്രസിഡൻറുമായി അക്കാദമിക രംഗത്തെ പുതിയ പ്രവണതകളെ കുറിച്ച് ചർച്ച നടത്തിയതായി ഡോ. സാബു തോമസ് പറഞ്ഞു. അക്കാദമിക് രംഗത്തെ സഹകരണത്തിനായുള്ള താൽപ്പര്യത്തെക്കുറിച്ച് ഉടൻ തന്നെ ഔദ്യോഗികമായി പ്രസിഡൻറിനെ അറിയിക്കും.
ഭാവിയെക്കുറിച്ചുള്ള തെൻറ കാഴ്ചപ്പാട് പങ്കുവെച്ച അദ്ദേഹം വിവിധ മേഖലകളിലെ ഗവേഷണത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.
ഫിസിക്സ്-ഇലക്ട്രിക്കൽ എൻജിനീയറിങ്, കെമിസ്ട്രി-കെമിക്കൽ എൻജിനീയറിങ് തുടങ്ങിയ വകുപ്പുകൾ തമ്മിൽ വിവിധ തലങ്ങളിലുള്ള സഹകരണത്തിലും യൂനിവേഴ്സിറ്റി പ്രസിഡൻറിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് മനസിലായെന്ന് ഡോ. സാബു തോമസ് പറഞ്ഞു. സ്ത്രീ ശാക്തീകരണ മുന്നേറ്റങ്ങളിൽ വിദ്യാഭ്യാസ രംഗത്തും സൗദി അറേബ്യ ശ്രദ്ധ പതിപ്പിക്കുന്ന വസ്തുതയും അദ്ദേഹം സൂചിപ്പിച്ചു.
പോളിമർ നാനോ കോമ്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് എന്നീ മേഖലകളിൽ മികച്ച കണ്ടുപിടിത്തങ്ങൾ ഡോ. സാബു തോമസ് നടത്തിയിട്ടുണ്ട്. അഞ്ച് പേറ്റൻറുകൾ സ്വന്തമായുണ്ട്. 140-ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ 1090ലധികം പബ്ലിക്കേഷനുകളുണ്ട്. ഇത് 54,740-ലധികം തവണ ഗവേഷണ പ്രബന്ധങ്ങൾക്കും മറ്റും അവലംബ വിധേയമായിട്ടുണ്ട്.
ഇൻറർനാഷനൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടിയ ഡോ. സാബു തോമസിനെ പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല ‘പ്രഫസർ അറ്റ് ലൊറൈൻ’ പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രഫസർ പദവിയും നൽകി ആദരിച്ചിരുന്നു.
സന്ദർശന വേളയിൽ അദ്ദേഹം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഒരു പൊതുപ്രഭാഷണം നടത്തി. ശേഷം വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. സൗദിയിലെ വിദ്യാർഥികൾ പുലർത്തുന്ന ഉന്നത അക്കാദമിക നിലവാരവും പഠനത്തോടുള്ള ആവേശവും ആകർഷിച്ചതായും അദ്ദേഹം പറഞ്ഞു. കോട്ടയം സംക്രാന്തി സ്വദേശിയാണ് ഡോ. സാബു തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.