ജിദ്ദയിൽനിന്ന് ഇന്ന് കോഴിക്കോട്ടേക്ക് വിമാനം; ഡൽഹി സർവിസ് റദ്ദാക്കി
text_fieldsജിദ്ദ: സൗദിയില്‍നിന്നുള്ള നാലാമത്തെയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യത്തെയും പ്രത്യേക എയർ ഇന്ത്യ വിമാനം ബുധനാഴ്ച കോഴിക്കോട്ടേക്ക് സർവിസ് നടത്തും. ബംഗളൂരുവിൽൽനിന്നും വിമാനം വൈകുന്നേരം മൂന്നിന് ജിദ്ദ വിമാനത്താവളത്തിൽ എത്തും. ശേഷം നാല് മണിക്ക് ജിദ്ദയിൽനിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും.
ബുധനാഴ്ച രാത്രി 12 മണിയോടെ വിമാനം കോഴിക്കോട് ലാൻഡ് ചെയ്യും. എ320 നിയോ എയർക്രാഫ്റ്റ് വിമാനം ഉപയോഗിച്ചായിരിക്കും സർവിസ് നടത്തുക. 141 എക്കണോമി ക്ലാസുകളും 8 ബിസിനസ് ക്ലാസുകളുമായി ആകെ 149 സീറ്റുകളാണ് വിമാനത്തിലുള്ളത്.
ഇരു ക്ലാസുകൾക്കും 25 കിലോ ചെക്ക്ഡ് ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. നേരത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നും ഏറ്റവും അർഹരായ യാത്രക്കാരെയാണ് ജിദ്ദയിൽ നിന്നുള്ള ആദ്യ കോഴിക്കോട് യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.
യാത്രക്കാരിൽ അധികവും ഗര്‍ഭിണികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരുമാണെന്നാണ് വിവരം. എല്ലാ ടിക്കറ്റുകളും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രയാസപ്പെടുന്ന നിരവധി ഗർഭിണികൾക്ക് ആദ്യ വിമാനത്തിൽ അവസരം ലഭിച്ചിട്ടില്ലെന്നും പകരം അനർഹരായ പലർക്കും അവസരം ലഭിച്ചതായുമുള്ള ആക്ഷേപം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്.
വിവിധ പരിശോധനകളും മറ്റുമുള്ളതിനാൽ യാത്രക്കാർ വളരെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തണമെന്നും കോവിഡുമായി ബന്ധപ്പെട്ട മുഴുവൻ മുൻകരുതലുകളും സ്വീകരിക്കണമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നേരത്തെ പുറത്തുവന്ന പട്ടിക പ്രകാരം ജിദ്ദ-കോഴിക്കോട് സെക്ടറില്‍ വിമാന സർവിസ് ഉണ്ടായിരുന്നില്ല.
എന്നാൽ, ഡൽഹിയിലേക്കു ഷെഡ്യൂൾ ചെയ്തിരുന്ന വിമാന സർവിസ് ആ റൂട്ടിൽ യാത്രക്കാരില്ലാതിരുന്നതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുറപ്പെടും.
ഈ വിമാനത്തിലേക്ക് തെരഞ്ഞെടുത്ത യാത്രക്കാരുടെ ലിസ്റ്റ് അനുസരിച്ചുള്ള ടിക്കറ്റ് വിൽപ്പന അന്തിമഘത്തിലാണ്. അടുത്ത ആഴ്ചയും സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.