പുതുതലമുറ കേരളം വിടുന്നുവോ?’ ജല കേന്ദ്ര കമ്മിറ്റി ചർച്ച സംഘടിപ്പിച്ചു
text_fieldsജിസാൻ: ‘പുതുതലമുറ കേരളം വിടുന്നുവോ?’ എന്ന വിഷയത്തിൽ ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്ര കമ്മിറ്റി ചർച്ച സംഘടിപ്പിച്ചു.
ജിസാൻ സർവകലാശാല പ്രഫസറും സസ്യശാസ്ത്രജ്ഞനുമായ ഡോ. രമേശ് മൂച്ചിക്കൽ വിഷയം അവതരിപ്പിച്ചു. വികസിത രാജ്യങ്ങൾക്ക് സമാനമായ ജീവിതനിലവാരം കൈവരിക്കാൻ കഴിഞ്ഞ കേരളത്തിൽനിന്ന് പുതുതലമുറയിലെ യുവാക്കൾ പഠനത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളവരാണ് മലയാളികളെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ നിർബന്ധിതവും സാർവത്രികവുമായ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽപരിശീലനത്തിന്റെയും മേന്മകൊണ്ടാണ് കുട്ടികൾ ഉന്നതപഠനങ്ങൾക്കും തൊഴിലിനായി വിദേശത്തേക്ക് പോകാൻ ഇഷ്ടപ്പെടുന്നതെന്നും അതിന്റെ പേരിൽ കേരളത്തിൽ അനേകം കുടുംബങ്ങൾ കടക്കെണിയിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പാർട്ട് ടൈം ജോലികളുടെ പേരിൽ കുട്ടികൾ വിദേശത്ത് സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നതായും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ മോഡറേറ്ററായിരുന്നു. രക്ഷാധികാരി വെന്നിയൂർ ദേവൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി, ഡോ. ജോ വർഗീസ്, എം.കെ. ഓമനക്കുട്ടൻ, ഗഫൂർ പൊന്നാനി, സലാം എളമരം, ബിനു ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജല കേന്ദ്രകമ്മിറ്റി സെക്രട്ടറി സലാം കൂട്ടായി സ്വാഗതവും സാദിഖ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.