റിയാദ് ഇന്ത്യൻ സ്കൂളിൽ പുതിയ ഭരണസമിതി; ഭരണതലപ്പത്ത് വനിത ആധിപത്യം
text_fieldsറിയാദ്: സൗദിയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളുകളിൽ ഭരണനേതൃത്വത്തിൽ വലിയ മാറ്റം വരുന്നു. ജിദ്ദയിലെ ഇന്ത്യൻ സ്കൂളിന് പിറകെ റിയാദിലെ ഇന്ത്യൻ സ്കൂളിന്റെയും ഭരണതലപ്പത്ത് വനിതകൾക്ക് ആധിപത്യം.
അടുത്ത മൂന്നു വർഷത്തേക്ക് രക്ഷാധികാരി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നാമനിർദേശം ചെയ്ത പുതിയ ഭരണസമിതിയിൽ വനിതകൾക്കാണ് ഭൂരിപക്ഷം. ആറംഗ സമിതിയിൽ നാലുപേരും വനിതകളാണ്. ചെയർപേഴ്സനും വനിതയാണ്. മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ.
സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ തലപ്പത്തെത്തുന്നത്. ഷഹനാസ് അബ്ദുൽ ജലീൽ, സയ്യിദ് സഫർ അലി, ഷഹ്സിൻ ഇറാം, പ്രഷിൻ അലി, ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്കോപ് എന്നിവരുൾപ്പെടുന്ന സമിതിയാണ് നിലവിൽവന്നത്. സൗദിയിൽ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള 10 ഇന്ത്യൻ സ്കൂളുകളിൽ ബാക്കി സ്കൂളുകളുടെയും ഭരണതലപ്പത്ത് വനിതകൾ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
റിയാദ് സ്കൂൾ ഭരണസമിതി അധ്യക്ഷയായി നിയമിതയായ ഷഹനാസ് അബ്ദുൽ ജലീൽ എറണാകുളം പറവൂര്‍ സ്വദേശിനിയാണ്. പ്രവാസികള്‍ക്കിടയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഷഹനാസ്. കെ.എം. സാഹില്‍ ആണ് ഭര്‍ത്താവ്.
ഇരുവരും മെഷീന്‍സ് ടോക് കമ്പനിയില്‍ സോഫ്റ്റ്വെയര് എൻജിനീയറായി ജോലി ചെയ്യുന്നു. വിപ്രോ, ടി.സി.എസ് എന്നീ കമ്പനികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഷഹനാസ് എട്ടുവര്‍ഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. ഇതേ സ്കൂളിൽ വിദ്യാര്‍ഥിനികളായ ഷിസ ഫാത്തിം (ആറാം ക്ലാസ്), സെഹ്റിഷ് ഫാത്തിം (രണ്ടാം ക്ലാസ്) എന്നിവര്‍ മക്കളാണ്.
മറ്റൊരു ഭരണസമിതിയംഗമായ ഷഹ്സിൻ ഇറാം മാധ്യമ പ്രവർത്തകയാണ്. ഝാർഖണ്ഡ് സ്വദേശിനിയാണ്. റിയാദ് എക്സ്പ്രസിൽ സീനിയർ എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. അറബ് ന്യൂസ്, അൽ ബിലാദ് എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഷഹ്സിൻ ഇറാം ഗ്ലോബൽ ഝാർഖണ്ഡ് വെൽഫെയർ അസോസിയേഷന്റെ സ്ഥാപക ചെയർപേഴ്സൻ കൂടിയാണ്.
ഡെന്റിസ്റ്റായ ഡോ. സാജിദ ഹുസ്ന ഹൈദരബാദ് സ്വദേശിനിയാണ്. നാലാമത്തെ വനിത അംഗമായ ഡോ. സുമയ്യ സംഗേർസ്കോപ് കർണാടക സ്വദേശിനിയാണ്. ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്നു.
സമിതിയിലെ പുരുഷ അംഗങ്ങളിലൊരാളായ പ്രഷിൻ അലി മലയാളിയാണ്. മിഡിലീസ്റ്റ് ടാസ്ക് കമ്പനിയിൽ സെക്യൂരിറ്റി സ്ക്രീനിങ് സൊല്യൂഷന്റെ പ്രീ-സെയിൽസ് മാനേജരായി ജോലി ചെയ്യുന്നു. മറ്റൊരു അംഗമായ സയ്യിദ് സഫർ അലി കർണാടക സ്വദേശിയാണ്. മലയാളിയായ മീര റഹ്മാനാണ് സ്കൂൾ പ്രിൻസിപ്പൽ.
കുട്ടികളുടെ എണ്ണത്തിൽ സൗദിയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നാണ് റിയാദ് ഇന്ത്യൻ സ്കൂൾ. രക്ഷാധികാരികൾ വോട്ട് ചെയ്ത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കുന്ന സമിതിയാണ് മുൻ സ്കൂൾ ഭരണം നിർവഹിച്ചിരുന്നത്. ഏതാനും വർഷങ്ങളായി ഈ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കാറില്ല. രക്ഷാധികാരിയായ അംബാസഡർ ഭരണസമിതിയെ നാമനിർദേശത്തിലൂടെ നിയമിക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.