പുതിയ ഹിജ്റ വർഷാരംഭം ഇന്ന്: കോവിഡ് ആശങ്കകൾക്കിടയിൽ പ്രതീക്ഷയോടെ...
text_fieldsയാംബു: കോവിഡിെൻറ ആശങ്കകൾക്കിടയിൽ ഏറെ പ്രതീക്ഷ പകർന്ന് പുതിയൊരു ഹിജ്റ വർഷംകൂടി പിറവിയെടുക്കുന്നു.ഹിജ്റ വർഷം 1443 പിറന്നു. ഏറെ പ്രത്യേകതകളുള്ളതാണ് ഹിജ്റ കലണ്ടർ. 130 കോടിയിലേറെയുള്ള മുസ്ലിംകൾ അവരുടെ അനുഷ്ഠാനങ്ങൾക്കും മറ്റും അവലംബിക്കുന്ന കാലഗണനാക്രമമാണിത്.
ഇസ്ലാമിക ചരിത്രവും അറബ് സംസ്കാര പാരമ്പര്യവും രേഖപ്പെടുത്തിയിട്ടുള്ളത് ഹിജ്റ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. ലോകത്ത് വ്യത്യസ്ത കലണ്ടറുകൾ ഉണ്ടെങ്കിലും അവക്കിടയിലെ സമാനതകൾ മാനവതയുടെ ഏകതയാണ് പ്രകടമാക്കുന്നത്. സന്ധ്യയോടെ ദിനാരംഭംകുറിക്കുന്ന ഹിജ്റ കലണ്ടറിൽ 354 ദിനങ്ങളാണ് ഉള്ളത്. ഹിജ്റ കലണ്ടറിലെ ദിനങ്ങളുടെയും മാസങ്ങളുടെയും ക്രമവും നാമവുമൊക്കെ പൗരാണിക കാലം മുതൽ ഉള്ളതാണ്.
പ്രാരംഭമാസമായ മുഹർറവും ഏഴാമത്തെ മാസമായ റജബും ഹജ്ജ് മാസങ്ങൾകൂടിയായ 11ാമത്തെ ദുൽഖഅദ്, 12ാമത്തെ ദുൽഹജ്ജ് എന്നീ നാലു മാസങ്ങൾ പഴയകാലംമുതലേ യുദ്ധനിരോധിത മാസങ്ങളായി അറിയപ്പെടുന്നവയാണ്. സമാധാനം എന്ന അർഥമുള്ള 'ഇസ്ലാം' എന്ന പദത്തെ അന്വർഥമാക്കുന്ന ഒരു ചട്ടംകൂടിയാണിത്.
ഒമ്പതാമത്തെ മാസമായ റമദാൻ വ്രതാനുഷ്ഠാനം ഉൾപ്പെടെയുള്ള വിവിധ സൽക്കർമങ്ങളിൽ വിശ്വാസികൾ മുഴുകുന്ന സന്ദർഭമാണ്. ഖലീഫ ഉമറിെൻറ കാലത്താണ് ഹിജ്റ കലണ്ടറിന് തുടക്കംകുറിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം നടന്നപ്പോൾ കാലഗണന എവിടെനിന്ന് ആരംഭിക്കണമെന്ന ചർച്ച വന്നു. ചിലർ മുഹമ്മദ് നബിയുടെ ജനനവുമായി ബന്ധപ്പെട്ട് വേണമെന്ന അഭിപ്രായവും മറ്റു ചിലർ അദ്ദേഹത്തിെൻറ വിയോഗവുമായി ബന്ധപ്പെട്ട് വേണമെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
എന്നാൽ, ഖലീഫ ഉമർ അതെല്ലാം നിരാകരിക്കുകയായിരുന്നു. ഇസ്ലാം ഒട്ടും പൊറുപ്പിക്കാത്ത വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകൾക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയായിരുന്നു ഖലീഫക്ക്.
നാലാം ഖലീഫ അലി, മുഹമ്മദ് നബി മക്കയിൽനിന്ന് യദ്രിബിലേക്ക് (മദീന) പലായനം (ഹിജ്റ) ചെയ്തതിനെ അടയാളമാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഒടുവിൽ എല്ലാവരും ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തു. ഇതാണ് ഹിജ്റ കലണ്ടറിെൻറ തുടക്കം. ഇസ്ലാമിെൻറ ആദ്യ തലമുറ ആദർശമാർഗത്തിൽ കൂട്ടായി വരിച്ച മഹാത്യാഗം ലോകാന്ത്യംവരെ പ്രചോദനമായി ഭവിക്കണമെന്ന ഉദ്ദേശ്യമാണ് ഇതിെൻറ പിന്നിലുള്ള താൽപര്യം. മക്കയിൽനിന്ന് മദീനയിലേക്കുള്ള ഹിജ്റ നടന്നത് ക്രിസ്താബ്ദം 622 സെപ്റ്റംബറിലാണ്.
അപ്പോൾ പ്രവാചകൻ മുഹമ്മദിന് 53 വയസ്സായിരുന്നു. ഹിജ്റ ഒരു ഒളിച്ചോട്ടമോ കേവലം പലായനമോ അല്ല. അതൊരു മഹാത്യാഗമായിരുന്നു. വികാസത്തിനും വ്യാപനത്തിനുമുള്ള പറിച്ചുനടലായിരുന്നു. വിശ്വാസിസമൂഹത്തെ ലോകാടിസ്ഥാനത്തിൽ ഏകീകരിക്കുന്ന ആദർശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കുന്ന ഒന്നായി ഹിജ്റ കലണ്ടർ ഇന്ന് മാറിവരുന്നതും ഏറെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.