ഗതാഗതരംഗത്ത് പുതുചരിത്രം: സൗദി - ഒമാൻ ആദ്യ റോഡ് ഉടൻ തുറക്കും
text_fieldsദമ്മാം: ജി.സി.സി രാജ്യങ്ങളിലെ കരമാർഗമുള്ള ഗതാഗതരംഗത്ത് പുതിയ ചരിത്രം രചിച്ചേക്കാവുന്ന, സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ആദ്യ റോഡ് ഉടൻ തുറക്കും. ഒമാൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സ്വാലം മുഹമ്മദ് അൽയാമിയാണ് ഇക്കാര്യം അറിയിച്ചത്.
കാലങ്ങൾ നീണ്ട ചർച്ചകളുടേയും തീവ്രശ്രമങ്ങളുടേയും സാക്ഷാത്കാരമാണ് പുതിയ രാജപാത. ഇരു രാജ്യങ്ങൾ തമ്മിലുള്ള കച്ചവട, സാമൂഹിക സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ഊഷ്മളവും സമൃദ്ധവുമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. സാഹസികമെന്ന് പറയാവുന്ന യാത്രാനുഭവം സമ്മാനിക്കുന്ന രാജ്യാന്തര പാതയാണിത്. സൗദിയുടെ കിഴക്കൻ മേഖലയിലെ ഹറാദ് പട്ടണത്തിൽ നിന്ന് ആരംഭിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടം പിടിച്ച മരുഭൂമിയായ 'റുബ്ബുൽ ഖാലി'യിലൂടെ കടന്നുപോയി ഒമാനിലെത്തുന്ന റോഡിന് 800 കിലോമീറ്ററാണ് ദൈർഘ്യം. ഇരു രാജ്യങ്ങൾ തമ്മിലുള്ള കരമാർഗ യാത്രയുടെ ദൂരം പുതിയ റോഡ് തുറക്കുന്നതോടെ ഗണ്യമായി കുറയും. റോഡിെൻറ പണികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ദിശാസൂചികകളും സ്ഥലഫലകങ്ങളും മറ്റ് റോഡ് സൈൻ ബോർഡുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഉടൻ അതും പൂർത്തിയാകുന്നതോടെ പാത യാത്രക്കാർക്കായി തുറന്നുകൊടുക്കും. നിർമാണം തുടങ്ങി വർഷങ്ങൾക്കു ശേഷമാണ് റോഡ് യാഥാർഥ്യമാകുന്നത്. 580 കി.മീ ദൂരം സൗദിയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 'ശൂന്യമിടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മരുഭൂമിയിൽ അപകടം നിറഞ്ഞ മണൽക്കുന്നുകളും മണൽ ചുഴികളുമുള്ള റുബ്ബുൽഖാലിയിലുടെയാണ് ഈ റോഡിെൻറ ഏറിയ ഭാഗവും കടന്നുപോകുന്നത്.
സാഹസികരായ മരുഭൂയാത്രക്കാർക്ക് പോലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഇടമായാണ് റുബ്ബുൽഖാലി വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് യാത്രികൻ വിൽഫ്രഡ് തെസീഗറുടെ റുബ്ബുൽ ഖാലി അനുഭങ്ങൾ ഏറെ ത്രസിപ്പിക്കുന്നതാണ്. ഈ ഭാഗത്തുകൂടിയുള്ള റോഡ് നിർമാണം അതീവ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ലോകോത്തര നിർമാണക്കമ്പനികളിലെ 600ൽ അധികം ജോലിക്കാരും യന്ത്രസാമഗ്രികളും കഠിന പ്രയത്നം നടത്തി 130 ദശലക്ഷം ഖനയടി മണൽ നീക്കിയാണ് റോഡ് പാകപ്പെടുത്തിയത്. സാധാരണക്കാരന് അപ്രാപ്യമായിരുന്ന റുബ്ബുൽ ഖാലിയിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്നതും സാഹസികവുമായ അനുഭൂതിയാകും സമ്മാനിക്കുക. 160 കിലോമീറ്ററാണ് ഒമാനിലൂടെ പാത കടന്നുപോകുന്നത്.
അൽഅഹ്സയിലെ ഹറദ് പട്ടണത്തിൽനിന്ന് തുടങ്ങി അതിർത്തി ഗ്രാമമായ ബത്ഹയിലൂടെ ഷൈബ എണ്ണപ്പാടങ്ങൾ പിന്നിട്ടാണ് പാത റുബ്ബുൽഖാലിയിലേക്ക് കടക്കുന്നത്. അറബ് ലോകത്തിെൻറ ഗതാഗത ചരിത്രത്തിലെ പുതിയ അധ്യായമായാണ് ഈ പാതയെ ഇരു രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്.നേരത്തെ ബത്ഹ അതിർത്തിയിലൂടെ യു.എ.ഇ വഴിയാണ് ഒമാനിലേക്കുണ്ടായിരുന്ന പാത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.