പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിക്ക് ജിദ്ദയിൽ ഊഷ്മള സ്വീകരണം
text_fieldsജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ പുതുതായി ചാർജ്ജെടുത്ത കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം. ജിദ്ദ ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളും സംഘടനാ നേതാക്കളും വിശിഷ്ട അതിഥികളും പങ്കെടുത്തു.
ഇന്ത്യൻ സമൂഹത്തിന്‍റെ അചഞ്ചലമായ പിന്തുണക്ക് തന്റെ മുഖ്യപ്രഭാഷണത്തിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിച്ച വ്യാപാരം, സാംസ്കാരികവും സാമ്പത്തികവുമായ വലിയ വിനിമയത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപത്തിനും നവീകരണത്തിനുമായി നമുക്ക് പുതിയ വഴികൾ തുറക്കാനാകുമെന്നും സമ്പന്നമായ ഭാവിക്ക് വഴിയൊരുക്കുന്ന വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇവിടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൈകോർത്ത് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാബേസ് ഉണ്ടാക്കുന്നതിനായി ഇന്ത്യൻ ബിസിനസ്മാൻമാരുടെയും പ്രൊഫഷണലുകളുടെയും രജിസ്ട്രേഷൻ കോൺസുലേറ്റിൽ ആരംഭിച്ചതായും ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ സംഘടനാ നേതാക്കൾ കോൺസുൽ ജനറലിനെ ബൊക്കെ നൽകി സ്വീകരിച്ചു. ഗുഡ് ഹോപ്പ്, ഫിനോം അക്കാദമികളിലെ കുട്ടികളുടെ സാംസ്കാരിക പ്രകടനങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, ഗാനങ്ങൾ, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് ഒരുക്കിയ ലൈവ് ഗസൽ തുടങ്ങിയ കലാപരിപാടികൾ സ്വീകരണ പരിപാടിയുടെ ശോഭ കൂട്ടി. ഇന്ത്യൻ കമ്മ്യൂണിറ്റി ജിദ്ദ (ഐ.സി.ജെ) കൂട്ടായ്മ പ്രതിനിധികൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.