സ്പോർട്സ് ക്ലബുകൾക്കായുള്ള പുതിയ നിക്ഷേപ പദ്ധതി; നാലു ഫുട്ബാൾ ക്ലബുകളുടെ 75 ശതമാനം ഉടമസ്ഥാവകാശം പൊതു നിക്ഷേപ ഫണ്ടിലേക്ക്
text_fieldsജിദ്ദ: സൗദിയിലെ പ്രമുഖ ക്ലബുകളായ അൽഹിലാൽ, അൽനസ്ർ, അൽഇത്തിഹാദ്, അൽഅഹ്ലി എന്നിവയുടെ 75 ശതമാനം ഉടമസ്ഥാവകാശം പൊതു നിക്ഷേപ ഫണ്ടിലേക്ക് മാറ്റുന്നു. സ്പോർട്സ് ക്ലബുകൾക്കായി പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചതായുള്ള സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനത്തിനു ശേഷമാണ് നാലു പ്രമുഖ ഫുട്ബാൾ ക്ലബുകളുടെ 75 ശതമാനം ഉടമാവകാശം പൊതുനിക്ഷേപ ഫണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇതോടെ ഒരോ ക്ലബിന്റെയും 75 ശതമാനം ഉടമസ്ഥാവകാശം ഫണ്ടിനായിരിക്കും. അൽഹിലാൽ, അൽനസ്ർ, അൽഇത്തിഹാദ്, അൽഅഹ്ലി എന്നീ സ്പോർട്സ് ക്ലബുകളെ കമ്പനികളാക്കി മാറ്റുമെന്ന് പൊതു നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ക്ലബും പൊതു നിക്ഷേപ ഫണ്ടിന്റെയും ഓരോ ക്ലബിന്റെയും ലാഭേച്ഛയില്ലാത്ത കായിക സ്ഥാപനത്തിന്റെയും ഉടമസ്ഥതയിലായിരിക്കുമെന്നും പറഞ്ഞു.
നാലു ക്ലബുകളെ കമ്പനികളാക്കി മാറ്റിയശേഷം പൊതു നിക്ഷേപ ഫണ്ട് 75 ശതമാനം നിക്ഷേപിക്കുമെന്നും കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ വിശദീകരിച്ചു. 25 ശതമാനം നിക്ഷേപം ക്ലബിന്റെ ജനറൽ അസംബ്ലിയിലെ നിലവിലെ അംഗങ്ങളും സ്ഥാപനത്തിലേക്ക് ചേരുന്ന പുതിയ അംഗങ്ങളും ഉൾപ്പെടുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിനായിരിക്കും.
രണ്ട് അംഗങ്ങളെ അവർ ഡയറക്ടർ ബോർഡ് അംഗത്വത്തിലേക്ക് നാമനിർദേശം ചെയ്യും. അവരിൽ ഒരാൾ ഡയറക്ടർ ബോർഡിന്റെ ചെയർമാനായിരിക്കും. പൊതു നിക്ഷേപ ഫണ്ട് അഞ്ച് അംഗങ്ങളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലബുകൾക്കും സർക്കാർ പിന്തുണ തുടരും. ക്ലബ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കിരീടാവകാശിയുടെ പിന്തുണ കായിക മേഖലയുടെ വികസനത്തിനും ശക്തിപ്പെടുത്തലിനും കാരണമാകും. സ്വകാര്യവത്കരണം നിക്ഷേപത്തിലും സ്പോർട്സ് ആരാധകരുടെ എണ്ണം കൂടുന്നതിലും വലിയ സ്വാധീനം ചെലുത്തും. ലോകത്തിലെ ഏറ്റവും മികച്ച 10 ലീഗുകളിൽ എത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വളരെയധികം പരിശ്രമവും അധ്വാനവും ആവശ്യമാണ്.
മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഇത് നേടാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം, അൽഖാദിസിയ ക്ലബിന്റെ ഉടമസ്ഥാവകാശം സൗദി അരാംകോക്കും ദിർഇയ ക്ലബ് ഉടമാവകാശം ദിരിയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയിലേക്കും അൽഉല ക്ലബ് അൽഉല റോയൽ കമീഷനിലേക്കും ഫാൽക്കൺസ് ക്ലബിന്റെ ഉടമാവകാശം സൗദി നിയോം കമ്പനിയിലേക്കും മാറ്റുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.