'ആശങ്ക വേണ്ട, പരിഹാരമുണ്ട്' ചർച്ച സംഘടിപ്പിച്ചു
text_fieldsജിദ്ദ: പുതിയ കാലത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ചർച്ചകളുമായി ലാലു മീഡിയ ഫേസ്ബുക്ക് ലൈവ് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി. 'ആശങ്ക വേണ്ട, പരിഹാരമുണ്ട്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സൗദിയിൽ വളർന്നുവരുന്ന പുതിയ ബിസിനസ് സാധ്യതകളെക്കുറിച്ച് പ്രമുഖ ബിസിനസ് കൺസൾട്ടൻറും ടാസ്സ് ആൻഡ് ഹാംജിത്ത് കമ്പനി ഡയറക്റുമായ അഹ്സൻ അബ്ദുല്ല വിശദീകരിച്ചു.
പുതിയ കാലത്തെ ബിസിനസ് സാധ്യതകളിൽ ഏറ്റവും നല്ല അവസരങ്ങളാണ് സൗദിയിൽ ഉയർന്നുവരുന്നതെന്നും പ്രവാസികൾ പരമാവധി ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറുശതമാനം സ്വന്തം ഉടമസ്ഥതയിൽ ബിസിനസ് ചെയ്യാൻ സൗദി ഭരണകൂടം ഇപ്പോൾ ചെയ്യുന്ന സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുവന്ന നിരവധി ആശങ്കകൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സി.എം. അഹമ്മദ് ആക്കോട് ചർച്ച നിയന്ത്രിച്ചു. സമദ് ചോലക്കൽ, മുജീബ് പാക്കട, നൗഫൽ വളാഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് മുസ്തഫ കുന്നുപുറം സാങ്കേതിക സഹായങ്ങൾ നൽകി.
ഇതിനകംതന്നെ സൗദിയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് പുതിയ സംരംഭകർക്ക് പ്രചോദനമായി.
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് ആശങ്കയിലായിരുന്ന പ്രവാസികൾക്ക് 'തനിച്ചാവില്ല കൂടെയുണ്ട്' എന്ന ശീർഷകത്തിൽ ഫേസ്ബുക്ക് ലൈവിൽ കോവിഡിനെ കുറിച്ചുള്ള അവബോധമുണ്ടാക്കിക്കൊണ്ടാണ് ലാലു മീഡിയ ഫേസ്ബുക്ക് ലൈവിന് തുടക്കമിട്ടത്. ഡോക്ടർമാരുടെയും മോട്ടിവേഷൻ ട്രെയിനർമാരുടെയുമെല്ലാം ചർച്ചകൾ പ്രവാസികൾക്ക് അക്കാലത്ത് ആശ്വാസമായി. തുടർന്ന് അധികാര കേന്ദ്രങ്ങളിൽ പ്രവാസികളുടെ വിഷമങ്ങളെത്തിച്ച് ആശ്വാസമേകാനും ലാലു മീഡിയ ലൈവിന് സാധിച്ചു. മന്ത്രിമാരും എം.പി, എം.എൽ.എമാരുമടക്കം കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കതീതമായി നേതാക്കൾക്കിടയിൽ പ്രവാസി പ്രശ്നങ്ങൾ അന്നെത്തിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്നും പ്രവാസ വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്ന് ലാലു മീഡിയ സാരഥികൾ അറിയിച്ചു. ചൂടുപിടിച്ച ചർച്ചകളോടൊപ്പം മാനസിക ഉല്ലാസത്തിനായി വിവിധ ആസ്വാദക പരിപാടികളും എല്ലാ ആഴ്ചയിലും ലാലു മീഡിയ വഴി ആയിരക്കണക്കിന് പ്രവാസികൾക്കിടയിൽ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.