ലൈംഗികാതിക്രമക്കേസിൽ പുതിയ ശിക്ഷാരീതി
text_fieldsജിദ്ദ: ലൈംഗികാതിക്രമക്കേസുകളിൽ സൗദിയിൽ പുതിയ ശിക്ഷാരീതി നടപ്പാക്കിത്തുടങ്ങി. പ്രതിയുടെ പേരുവിവരങ്ങളും പടവും പ്രസിദ്ധപ്പെടുത്തുന്നതാണ് ഇത്. മന്ത്രിസഭ അംഗീകാരം നൽകിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വിധി കഴിഞ്ഞ ദിവസം മദീനയിലെ ക്രിമിനൽ കോടതി പ്രഖ്യാപിച്ചു. ഇത്തരം കേസുകൾക്ക് നിലവിലുള്ള ശിക്ഷക്കു പുറമെയാണ് പേരും ചിത്രവും പരസ്യപ്പെടുത്തുന്ന ശിക്ഷയും. ഏറ്റവും കടുത്ത ശിക്ഷയാണ് സൗദിയിൽ ലൈംഗികപീഡനക്കേസുകളിൽ നൽകാറുള്ളത്. ഇതിനു പുറമെയാണ് പ്രതിയുടെ പേരും വിവരങ്ങളും പരസ്യമായി പ്രഖ്യാപിക്കുന്നത്. സൗദിയിൽ സാധാരണഗതിയിൽ വിവിധ കേസുകളിൽ പ്രതികളുടെ വിവരങ്ങൾ പരമാവധി രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാൽ, ലൈംഗികപീഡനക്കേസുകളിൽ ഇനി മുതൽ ഇതുണ്ടാകില്ല. മദീനയിലെ ലൈംഗികാതിക്രമക്കേസിലാണ് ഇത്തരത്തിലെ ആദ്യ വിധി നടപ്പാക്കിയത്.
ക്രിമിനൽ കോടതി ലൈംഗികാതിക്രമ കേസിൽ സൗദി പൗരനായ പ്രതിക്ക് എട്ടു മാസം തടവുശിക്ഷയും 5000 റിയാൽ പിഴയും വിധിച്ചതിനു പുറമെ പ്രതിയുടെ പേരു വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളിലൂടെ പുറത്തുവിടാനും ഉത്തരവിട്ടു. കേസുകളുടെ ഗൗരവവും സ്വഭാവവും പരിഗണിച്ചാണ് വിധിയുണ്ടാവുക. തെറ്റായ പീഡനപരാതികൾ നൽകുന്നവർക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരിയിലാണ്, സൗദി മന്ത്രിസഭയോഗം പീഡനവിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ ആറിലേക്ക് ഒരു പുതിയ ഭേദഗതികൂടി ചേർത്തത്. മോശമായ ചിഹ്നം കാണിക്കൽ, വാക്കുകൾ, അതിക്രമം, സോഷ്യൽ മീഡിയ അവഹേളനം എന്നിവയെല്ലാം ലൈംഗികാതിക്രമ പരിധിയിൽ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.