മസ്ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
text_fieldsജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു. അൽഫത്ഹ് കവാടത്തിലെ മിനാരത്തിലാണ് അവസാനമായി ചന്ദ്രക്കല സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. ഇതോടെ ഹറമിലെ എല്ലാ മിനാരങ്ങളിലും പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ പൂർത്തിയായതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു. ആകെ 13 മിനാരങ്ങളാണ് ഹറമിലുള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട്. ഒമ്പത് മീറ്ററാണ് ചന്ദ്രക്കലയുടെ ഉയരം. അതിന്റെ അടിഭാഗത്തിന്റെ വിതീ രണ്ട് മീറ്ററുമാണ്. എല്ലാ മിനാരങ്ങളുടെയും മുകളിൽ സുവർണ ചന്ദ്രക്കലകളാണ് സ്ഥാപിച്ചത്.
കാർബൺ ഫൈബർ കൊണ്ടാണ് ചന്ദ്രക്കല നിർമിച്ചത്. ഭംഗി നിലനിർത്തുന്നതിനായി സ്വർണ നിറം പൂശിയിട്ടുണ്ട്. ദൃഢത വർധിപ്പിക്കുന്നതിനായി അകം ഉയർന്ന നിലവാരത്തിലുള്ള ഇരുമ്പു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഹറമിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഭാഗമാണ് മിനാരങ്ങളിൽ പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ.
ചന്ദ്രക്കലകൾ സ്ഥാപിക്കുന്നതിന്റെ ഫോട്ടോകളും വിഡിയോകളും ജനറൽ അതോറിറ്റി ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ഹറമിലെ മിനാരങ്ങൾ പൊതുവെ ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളും മസ്ജിദുൽ ഹറാമിലെ ലാൻഡ്മാർക്കുകളും ആണെന്ന് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.