Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ ദേശീയ വ്യവസായനയം...

പുതിയ ദേശീയ വ്യവസായനയം സൗദി അറേബ്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന് മന്ത്രിമാർ

text_fields
bookmark_border
പുതിയ ദേശീയ വ്യവസായനയം സൗദി അറേബ്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന് മന്ത്രിമാർ
cancel

ജിദ്ദ​: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സൗദി അറേബ്യയുടെ പുതിയ ദേശീയ വ്യവസായ നയത്തെക്കുറിച്ച് സംവാദ പരിപാടി സംഘടിപ്പിച്ചു. വ്യവസായ-ധാതു വിഭവശേഷി മന്ത്രാലയമാണ്​ റിയാദിൽ​ ചർച്ച നടത്തിയത്. ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ, വ്യവസായ-ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ്​, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹ എന്നിർ സംവാദത്തിൽ പങ്കെടുത്തു വിശദാംശങ്ങൾ വിശദീകരിച്ചു. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക വൈവിധ്യവൽക്കരണം, ആഭ്യന്തര ഉൽപ്പാദനം, എണ്ണയിതര കയറ്റുമതി എന്നീ രംഗങ്ങളിൽ വളർച്ചനേടി കരുത്തുറ്റതും നിക്ഷേപം ആകർഷിക്കുന്നതുമായ ഒരു വ്യവസായിക സമ്പദ്‌വ്യവസ്ഥയിലെത്തുകയാണ് പുതിയ നയത്തിന്റെ കാതലെന്ന് മന്ത്രിമാർ വ്യക്തമാക്കി.

ഇനി സമയം ഒട്ടും പാഴാക്കാനില്ലെന്ന് ഊർജ മന്ത്രി

വ്യവസായിക രംഗത്ത് ഇന്ത്യയെയും ചൈനയെയും പോലെ സൗദി അറേബ്യക്ക് കുതിപ്പ് നടത്താമായിരുന്ന 40 വർഷം ഞങ്ങൾ പാഴാക്കിയെന്നും ഇനി പാഴാക്കാൻ സമയമില്ലെന്നും ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സൽമാൻ സംവാദത്തിൽ വ്യക്തമാക്കി. ഇനി സമയം പാഴാക്കേണ്ടതില്ലെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വ്യവസായ വികസനത്തിന് ഒരു ദേശീയ നയവും തന്ത്രവുമാണ് ആവിഷ്കരിച്ച് ആരംഭം കുറിച്ചിട്ടുള്ളത്. നിക്ഷേപങ്ങൾ രാജ്യത്ത്​ ഫാക്​ടറികൾ നിർമിക്കുന്നതിന്​ സഹായകമാകും. ഈ ദേശീയ തന്ത്രം എന്നത് ഞാനല്ല, നമ്മൾ എന്ന ബോധത്തെ ശക്തിപ്പെടുത്തുന്ന കൂട്ടായ പ്രവർത്തനമാണ്​. മന്ത്രാലയങ്ങളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ അവസാനിച്ചുവെന്നും ഊർജ മന്ത്രി പറഞ്ഞു.

വാതകം വികസിപ്പിക്കുന്നതിനുള്ള ​പദ്ധതി ഞങ്ങൾക്കുണ്ട്. അടുത്തിടെ കണ്ടെത്തിയ ഗ്യാസ്​ ഫീൽഡുകൾ ഉണ്ട്​. 'സാബിക്'​ ആരംഭിച്ചപ്പോൾ പെട്രോകെമിക്കൽ വ്യവസായം പരിമിതമായിരുന്നു. വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിൽ ലക്ഷം കോടി റിയാലിലെത്താവുന്ന പദ്ധതികൾ ഞങ്ങൾ നടപ്പാക്കും. സൗരോർജം സൗദി അറേബ്യക്ക് ദൈവത്തിന്റെ സമ്മാനമാണ്. ഈ രംഗത്ത് നമ്മളേക്കാൾ കഴിവുള്ള ഒരു രാജ്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ പറയുന്നത് നടപ്പാക്കും എന്ന് തോന്നുന്ന നാട്ടിലാണ് നമ്മൾ എന്നതിൽ അഭിമാനിക്കുന്നു. വ്യവസായത്തിനായുള്ള ദേശീയ തന്ത്രത്തിൽ നിക്ഷേപങ്ങളും പ്രാദേശികവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും. സുസ്ഥിര വികസനം കൂടാതെ ഞങ്ങൾക്ക് അവസരമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2026ൽ ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്യും

സൗദി അറേബ്യ 2026-ൽ ഒന്നര ലക്ഷം ഇലക്ട്രിക് കാറുകൾ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹ. സൗദി അറേബ്യയിൽ പ്രതിവർഷം ഒന്നര ലക്ഷം കാറുകൾ നിർമിക്കാനാണ് ലൂസിഡ് കമ്പനി ലക്ഷ്യമിടുന്നത്. ലൂസിഡ് മോട്ടോഴ്‌സിൽ രാജ്യം നടത്തിയ നിക്ഷേപം അതിനെ വികസിത രാജ്യങ്ങളുടെ നിരയിൽ എത്തിച്ചു. സൗദി അറേബ്യ ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്ക് കടക്കുന്നത്​ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ സ്വപ്നമായിരുന്നു. അതാണ്​ യഥാർഥ്യമാകാൻ പോകുന്നത്​. പ്രതിവർഷം ഒന്നര ലക്ഷം കാറുകൾ നിർമിക്കാൻ ലക്ഷ്യമിടുന്ന ലൂസിഡ് ഇലക്ട്രിക് വെഹിക്കിൾസ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ്​ ഫണ്ടിന് (പി.ഐ.എഫ്) സ്വന്തമാണെന്നും മന്ത്രി പറഞ്ഞു.

എണ്ണേതര കയറ്റുമതി 50 ​ശതമാനം വർധിപ്പിക്കും

ജിദ്ദ: വ്യവസായത്തിനായുള്ള ദേശീയ തന്ത്രത്തിലെ ഓരോ ലക്ഷ്യവും വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറയ്​ഫ്​ പറഞ്ഞു. നമ്മുടെ ദേശീയ വ്യവസായം ഗുണപരവും ആഗോളതലത്തിൽ മത്സരക്ഷമവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എണ്ണയിതര കയറ്റുമതി ഏകദേശം 50 ശതമാനം വർധിപ്പിക്കുന്നതിന് വ്യവസായ തന്ത്രം സഹായിക്കും. ജലശുദ്ധീകരണം ഏറെ വികസനക്ഷമതയുള്ള മേഖലയാണ്. സൗദി അറേബ്യ ആ രംഗത്ത് മുൻനിരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

വ്യവസായം വികസനത്തിന്റെ നെടുംതൂണുകളിലൊന്ന്

ജിദ്ദ: വരും കാലഘട്ടത്തിൽ രാജ്യത്തെ നിക്ഷേപ വികസനത്തിന്റെ നെടുംതൂണുകളിലൊന്നാണ് വ്യവസായിക മേഖലയെന്ന്​ നിക്ഷേപമന്ത്രി ഖാലിദ്​ അൽഫാലിഹ്​ പറഞ്ഞു. ഇത് ജി.ഡി.പിയുടെ 12 ശതമാനമാണ്. വിഷൻ 2030 നിരവധി നിക്ഷേപകർക്ക് പ്രചോദനമായി. അവർ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന പ്രധാന രാജ്യങ്ങളെ വെല്ലുന്ന ഒരു ലക്ഷ്യസ്ഥാനമാണ് സൗദി അറേബ്യ എന്ന് അവർ മനസിലാക്കി. ദേശീയ നിക്ഷേപ നയം 2030-ഓടെ 12.4 ലക്ഷം കോടി റിയാൽ വരെ നിക്ഷേപം ലക്ഷ്യമിടുന്നു. വ്യാവസായിക മേഖലയിൽ ഏകദേശം 1.7 ലക്ഷം കോടി റിയാൽ വരുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaNational Industry Strategy
News Summary - new National Industry Strategy will bring Saudi Arabia to the top of the world - Saudi Ministers
Next Story