പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണം
text_fieldsറിയാദ്: വ്യോമയാന രംഗത്തെ ലൈസൻസ്ഡ് തസ്തികകളായ പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണം രണ്ടാംഘട്ടം തുടങ്ങി. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക. മാർച്ച് നാല് മുതൽ ആരംഭിച്ച രണ്ടാംഘട്ടത്തിൽ എയർഹോസ്റ്റസ് 70 ശതമാനവും ഫിക്സ്ഡ് വിങ് പൈലറ്റ് ജോലി 60 ശതമാനവും സൗദി പൗരർക്കായി നിജപ്പെടുത്തി.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടിയവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അർഹത. ഗതാഗത ലോജിസ്റ്റിക് സേവന മന്ത്രാലത്തിന്റെ പങ്കാളിത്തത്തോടെയാണ് സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു. സ്വദേശി യുവതീയുവാക്കൾക്ക് സുസ്ഥിരവും ഉത്തേജകവുമായ തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണിത്.
ലൈസൻസ്ഡ് ഏവിയേഷൻ ജോലികളുടെ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന്റെ തുടർ നടപടികൾ പരിശോധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. തീരുമാനത്തിന്റെ എല്ലാ വിശദാംശങ്ങളും അത് നടപ്പാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന മാർഗനിർദേശങ്ങളടങ്ങിയ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന പിന്തുണയും തൊഴിൽ പരിപാടികളും അതിലുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.